മുഖ്യമന്ത്രി പിണറായി വിജയൻ വേദയിലിരിക്കുമ്പോഴാണ് രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി എംടി വാസുദേവന്‍ നായർ രംഗത്തെത്തിയത്.
അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറാമെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എംടിയുടെ വിമര്‍ശനം.
തെറ്റുപറ്റിയെന്ന് തോന്നിയാല്‍ അത് സമ്മതിക്കുകയെന്നത് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവിത മണ്ഡലത്തിലെ ഒരു മഹാരഥനും ഇവിടെ കാണിക്കാറില്ല.തന്റെ പരിമിതമായ കാഴ്ചപ്പാടില്‍ നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകം പേരും എന്നതിനെ മാറ്റാനാണ് ഇഎംഎസ് ശ്രമിച്ചത്. ആചാരോപചാര മാര്‍ഗങ്ങളിലോ നേതൃത്വ പൂജകളിലോ ഒന്നും അദ്ദേഹത്തെ കാണാതിരുന്നതിന് കാരണവും മറ്റൊന്നല്ല.
ഇഎംഎസ് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.