ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ചത് സ്വയ രക്ഷക്കെന്ന് പ്രതി പാല്‍രാജിന്റെ കുടുംബം….ആക്രമണം കരുതിക്കൂട്ടി ആയിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നതിനാല്‍ സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്നും പാല് രാജിന്റെ കുടുംബം ആവശ്യപ്പെട്ടു.
പാല്രാജിന്റേത് കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്നും ഇയാളാണ് പ്രകോപനമുണ്ടാക്കിയതെന്നുമാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ഒരു മരണാനന്തര ചടങ്ങിനായി പോകവേ, കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും പാല്‍രാജ് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുകയാണ് പാല്‍രാജിന്റെ കുടുംബം. പ്രകോപനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ളത് പെണ്‍കുട്ടിയുടെ കുടുംബമാണെന്നും നേരത്തേയും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്.
പാല്‍രാജിന്റെ കയ്യില്‍ കത്തി ആയിരുന്നില്ല, തയ്യല്‍ സാമഗ്രിയായിരുന്നു ഉണ്ടായിരുന്നതെന്നും തനിക്ക് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് പാല്‍രാജ് ചെയ്തതെന്നും കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ ഹൈക്കോടതിയിലടക്കം ചെന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ വാദം. തങ്ങള്‍ നിരപരാധികളാണെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു.
എന്നാല്‍, പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണ് എന്ന നിലപാടിലാണ് പൊലീസ്. അശ്ലീല ആംഗ്യം കാണിച്ച് കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും പാല്‍രാജ് പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത് പൊലീസിന്റെ വാദം.