കണ്ണൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കൂവപ്പാടിയിലെ ജംഷീര്‍ മന്‍സിലില്‍ ടി.വി.റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെപുരയില്‍ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് മജിസ്ട്രറ്റിന്റെ ചുമതല വഹിക്കുന്ന മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കോഴിക്കോട് കൊടുവള്ളി നരിക്കുനി സ്വദേശിനി ബുഷറയില്‍നിന്നാണ് ക്വട്ടേഷന്‍ സംഘം ഒരു കിലോയോളം വരുന്ന സ്വര്‍ണം തട്ടിയെടുത്തത്. ബുഷറയുടെ മകന്‍ മുഹമ്മദ് മുബാറക്കിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബുഷറയില്‍നിന്ന് സ്വര്‍ണം കൈക്കലാക്കിയെന്നാണ് വിവരം. പിന്നീട് ഉമ്മയേയും മകനേയും കൂത്തുപറമ്പ് നീറോളിച്ചാലിലെ ലോഡ്ജില്‍ എത്തിച്ച് ബലമായി താമസിപ്പിക്കുകയായിരുന്നു.
യുവതി കൂത്തുപറമ്പിലെ ലോഡ്ജില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘം ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ നീറോളിച്ചാലിലെ ലോഡ്ജിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്ന് ഉമ്മയേയും മകനേയും ആക്രമിക്കുകയും ബാഗ് ഉള്‍പ്പെടെ കൈക്കലാക്കുകയും ചെയ്തിരുന്നു.