തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമമെന്നത് കുപ്രചാരണമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാധാരണക്കാരായ ജനങ്ങളെ പരിഭ്രാന്തരാക്കാനാണിതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലടക്കം ആവശ്യപ്പെട്ട മുഴുവന്‍ മരുന്നുകളും എത്തിച്ചിട്ടുണ്ടെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പറ്റാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങളുടെ തുരപ്പന്‍ പണിയെന്നും മന്ത്രി വിമര്‍ശിച്ചു.
സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരെയാണ് വ്യാജവാര്‍ത്തകള്‍ ആശയക്കുഴപ്പത്തിലാക്കുന്നത്. മാര്‍ച്ച് വരെ ആവശ്യമായ മരുന്നുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഏതെങ്കിലും പ്രത്യേക കമ്പനിയുടെ മരുന്ന് സ്റ്റോക്കില്ലെങ്കില്‍ പകരം കൊടുക്കാനും സംവിധാനമുണ്ടെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി.
2016നു ശേഷം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ 25 ശതമാനം മരുന്ന് കൂടുതലാണ് നല്‍കിവരുന്നത്. ആശുപത്രികള്‍ ആവശ്യപ്പെടുന്ന മരുന്നുകള്‍ അതിന് മുമ്പുള്ള സാമ്പത്തിക വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസത്തിലാണ് ടെന്‍ഡര്‍ ചെയ്യുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
രോഗികളുടെ എണ്ണം കൂടിയാല്‍ ആ മരുന്നുകള്‍ നേരത്തെ തീര്‍ന്നേക്കാം. മരുന്നുകള്‍ 30 ശതമാനം തീരുന്നതിന് മുമ്പ് അറിയിക്കണമെന്ന നിര്‍ദേശവുമുണ്ട്. സര്‍ക്കാരിന്റെ എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റില്‍ പെടാത്ത മരുന്നുകള്‍ ഡോക്ടര്‍മാര്‍ കുറിച്ചാല്‍ ഫാര്‍മസിയില്‍ ഉണ്ടാകില്ല. അതിനാണ് ജനറിക് മെഡിസിന്‍ (മരുന്നുകളുടെ രാസനാമം) കുറിക്കണമെന്ന് മാനദണ്ഡം ഉള്ളത്.
ഇത് പാലിക്കപ്പെടാത്തതും ആന്റിബയോട്ടിക്ക് അനാവശ്യമായി കുറിക്കുന്നതും കര്‍ശനമായി പരിശോധിക്കുന്നുണ്ട്. അപ്പോഴും പനി, ചുമ പോലുള്ള സാധാരണ അസുഖങ്ങള്‍ക്കുള്ള മരുന്നുകളെ ഇതൊന്നും ബാധിക്കില്ല. തെറ്റായ ധാരണ പരത്തുന്ന രീതിയില്‍ ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.