ഗുവാഹാട്ടി: പുതുവത്സരാഘോഷത്തിന് പിന്നാലെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ഐ.ഐ.ടി. വിദ്യാര്‍ഥിനി മരിച്ചു. ഗുവാഹാട്ടി ഐ.ഐ.ടി.യിലെ നാലാംവര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയും തെലങ്കാന കരീംനഗര്‍ സ്വദേശിയുമായ പുല്ലൂരി ഐശ്വര്യ(21)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഡിസംബര്‍ 31-ന് പബ്ബിലെ പുതുവത്സരാഘോഷം കഴിഞ്ഞ് ഹോട്ടല്‍മുറിയിലെത്തിയ ഐശ്വര്യ പിറ്റേന്ന് രാവിലെയാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നതായി പറഞ്ഞത്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി മരിച്ചിരുന്നു.
അവധി കഴിഞ്ഞ് ഡിസംബര്‍ 31-നാണ് ഐശ്വര്യ ഗുവാഹാട്ടിയില്‍ എത്തിയത്. ചൊവ്വാഴ്ച വരെ അവധിയുണ്ടായിരുന്നെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാനായി രണ്ടുദിവസം മുന്‍പേ ഗുവാഹാട്ടിയിലേക്ക് പോവുകയായിരുന്നു. പുതുവര്‍ഷത്തലേന്ന് നഗരത്തിലെത്തിയ വിദ്യാര്‍ഥിനി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഗുവാഹാട്ടി-ഷില്ലോങ് റോഡിലെ പബ്ബിലാണ് പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ഇവര്‍ നാലുപേരും പബ്ബിന് സമീപമുള്ള ഹോട്ടലില്‍മുറിയെടുത്തു. ഇവിടെവെച്ചാണ് പെണ്‍കുട്ടി അവശനിലയിലായത്.
ജനുവരി ഒന്നിന് പുലര്‍ച്ചെ 1.30-ഓടെയാണ് ഐശ്വര്യ അടക്കമുള്ള വിദ്യാര്‍ഥികള്‍ മുറിയിലെത്തിയതെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. രണ്ടുമുറികളാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്. പബ്ബില്‍നിന്നാണ് വരുന്നതെന്നും ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നു.
മദ്യപിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. അതേസമയം, വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെയും പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. സംഭവത്തില്‍ എല്ലാവശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം, മകളുടെ മരണത്തിന് പിന്നില്‍ ആരെയും സംശയിക്കുന്നില്ലെന്നായിരുന്നു ഐശ്വര്യയുടെ പിതാവ് രവിയുടെ പ്രതികരണം.