പാര്‍ലമെന്റില്‍ കനത്ത സുരക്ഷാ വീഴ്ചയുണ്ടായിട്ടും ബി.ജെ.പിക്ക് മിണ്ടാട്ടമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
‘ഗൗരവമായ കാര്യമാണിത്. ഒരു എം.പി പാസ് കൊടുത്താല്‍ നാലോ അഞ്ചോ കടമ്ബ കടന്നാല്‍ മാത്രമേ ഒരാള്‍ക്ക് അകത്ത് കടക്കാൻ പറ്റൂ. ബി.ജെപി എം.പിയാണ് അക്രമികള്‍ക്ക് പാസ് കൊടുത്തത്. ഞാൻ ഈ കാര്യത്തില്‍ ഭയപ്പെട്ടിരുന്നു, നിര്‍ഭാഗ്യവശാല്‍ അക്രമി ഒരു മുസ്‍ലിം പേരുകാരനായിരുന്നുവെങ്കിലോ? നിര്‍ഭാഗ്യവശാല്‍ അതൊരു പ്രതിപക്ഷ എം.പിയായിരുന്നുവെങ്കിലോ? ഈ രാജ്യം കത്തുമായിരുന്നു, ബി.ജെ.പി കത്തിക്കുമായിരുന്നു… ആ ബി.ജെ.പി ഇപ്പോള്‍ മിണ്ടുന്നില്ല.
മല്ലികാര്‍ജുൻ ഖാര്‍ഗെ അടക്കമുള്ള പ്രതിപക്ഷത്തെ മിണ്ടാൻ അനുവദിക്കുന്നില്ല. എന്നിട്ടവര്‍ ഡെമോക്രസിയെ കുറിച്ച് പറയുന്നു. ഇതാണോ ബി.ജെ.പിയുടെ ഡെമോക്രസി? കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഒട്ടും സുരക്ഷിതമല്ല’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന് പുതിയ പാര്‍ലമെന്റ് വേദിയായത്. മൈസൂര്‍ സ്വദേശിയും എൻജിനിയറിങ് വിദ്യാര്‍ഥിയുമായ മനോരഞ്ജൻ, സാഗര്‍ ശര്‍മ്മ, അമോല്‍ ഷിൻഡെ, നീലം എന്നിവരാണ് പാര്‍ലമെന്‍റിനുള്ളില്‍ ഏവരെയും ഞെട്ടിച്ച് പ്രതിഷേധം നടത്തിയത്.
കുടക് മണ്ഡലം ബി.ജെ.പി എം.പി പ്രതാപ് സിംഹയാണ് പൊലീസ് പിടികൂടിയ അക്രമികള്‍ക്ക് പാര്‍ലമെന്റ് സന്ദര്‍ശനത്തിനായി പാസ് നല്‍കിയത്. പ്രതിഷേധക്കാരുടെ പക്കല്‍ നിന്ന് ലഭിച്ച സിംഹയുടെ ഒപ്പുള്ള പാസിന്റെ ഫോട്ടോ ലോക്‌സഭാ എം.പി ഡാനിഷ് അലി പകര്‍ത്തിയിരുന്നു. അവ പിന്നീട് മാധ്യമങ്ങളെ കാണിക്കുകയും ചെയ്തിരുന്നു.