CrimeNEWS

മുഖ്യആസൂത്രകന്‍ അധ്യാപകനായ ലളിത് ഝാ? പ്രതിഷേധത്തിന്റെ വീഡിയോ പകര്‍ത്തി എന്‍ജിഒയ്ക്ക് അയച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റിനെ ഞെട്ടിച്ച പുക ആക്രമണത്തിന്റെ സൂത്രധാരന്‍ പിടിയിലായവരല്ല, മറ്റൊരാളെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝാ ആണ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സംഭവ സമയത്ത് ഇയാള്‍ പാര്‍ലമെന്റിന് പുറത്തുണ്ടായിരുന്നു.

പാര്‍ലമെന്റിന് പുറത്തെ പുക ആക്രമണത്തിന്റെ വീഡിയോ ഇയാള്‍ ചിത്രീകരിച്ചു. വീഡിയോ കൊല്‍ക്കത്ത ആസ്ഥാനമായുള്ള എന്‍ജിഒയുടെ സ്ഥാപകന്‍ നീലാക്ഷ് എന്നയാള്‍ക്ക് വാട്സ് ആപ്പിലൂടെ അയച്ചു കൊടുത്തതായും പൊലീസ് സൂചിപ്പിക്കുന്നു. സാമൂഹിക പ്രവര്‍ത്തകനായി വിശേഷിപ്പിക്കുന്ന ലളിത് ഝാ ബംഗാളിലെ നിരവധി സര്‍ക്കാരിതര സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

Signature-ad

പുരുലിയ, ജാര്‍ഗ്രാം തുടങ്ങിയ ജില്ലകളിലെ പിന്നാക്ക ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ലളിത് ഝായുടെ പ്രവര്‍ത്തനം. സമ്യബാദി സുഭാഷ് സഭ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറസ്റ്റിലായ നാലു പേരടക്കം ആറുപേര്‍ ആസൂത്രണത്തില്‍ പങ്കാളികള്‍ ആയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ലോക്സഭയിലെ പുകയാക്രമണത്തില്‍ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരും, പാര്‍ലമെന്റിന് പുറത്തെ ആക്രമണത്തില്‍ നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് പിടിയിലായത്. ഒന്നര വര്‍ഷം മുന്‍പ് ചണ്ഡീഗഡില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിലാണ് ഇവര്‍ കണ്ടുമുട്ടിയതെന്നാണു വിവരം. പിന്നീട് ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ ബന്ധം ദൃഢമായി.

പിന്നീട് പലതവണ ഇവര്‍ ഗുരുഗ്രാമിലെ വീട്ടില്‍ കൂടിക്കാഴ്ച നടത്തി. പദ്ധതി ആസൂത്രണം ചെയ്തു. മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് പല സ്ഥലങ്ങളില്‍നിന്നും ഡല്‍ഹിയില്‍ എത്തി ഇന്ത്യാ ഗേറ്റില്‍ വച്ച് കണ്ടുമുട്ടി. ഇവിടെവച്ചാണ് കാനിസ്റ്ററുകള്‍ കൈമാറിയതെന്നും പൊലീസ് സൂചിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Back to top button
error: