ബംഗളുരു: അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്നു യുവതിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭര്‍ത്താവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദേവവൃന്ദയിലെ വസതിയില്‍ ശ്വേത എന്ന യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് ദര്‍ശനെ അറസ്റ്റ് ചെയ്തു.
ശ്വേത സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്‌തെന്നു വരുത്തിത്തീര്‍ക്കാന്‍ ദര്‍ശന്‍ ശ്രമിച്ചിരുന്നു. ശ്വേതയ്ക്കു ഹൃദയാഘാതം ഉണ്ടായതായും പറഞ്ഞു. എന്നാല്‍ മകളുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ വരുന്നതിനു മുന്നേ ശ്വേതയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ദര്‍ശന്‍ ശ്രമിച്ചതും സംശയം വര്‍ധിപ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നല്ല മരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്നു ദര്‍ശനെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ശ്വേതയെ കൊന്നതാണെന്നു പ്രതി സമ്മതിച്ചു. കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ശ്വേതയും ദര്‍ശനും മൂന്നു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്‍ശന്‍ അടുപ്പത്തിലായതോടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടായി.
ഈ യുവതിയെ വിളിച്ച് ദര്‍ശനുമായുള്ള ബന്ധം തുടരരുതെന്നു ശ്വേത മുന്നറിയിപ്പ് നല്‍കി. ഇക്കാര്യമറിഞ്ഞു രോഷാകുലനായ ദര്‍ശന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. റാഗിയുണ്ടയില്‍ സയനൈഡ് ചേര്‍ത്തു ശ്വേതയ്ക്കു നല്‍കുകയായിരുന്നെന്നും ഇതു കഴിച്ചാണു യുവതി മരിച്ചതെന്നും ഗോണിബീഡു പൊലീസ് അറിയിച്ചു.