ബംഗളുരു: മകന്‍ ലോക്സഭയില്‍ എം.പിമാര്‍ക്കിടയിലേക്ക് അതിക്രമിച്ച് കയറിയത് ടിവിയിലൂടെയാണ് കണ്ടതെന്ന് പ്രതിയായ മനോരഞ്ജന്റെ പിതാവ് ദേവരാജ്. അറസ്റ്റിലായ മനോരഞ്ജന്‍ മൈസൂരു വിജയനഗര സ്വദേശിയാണ്. മനോരഞ്ജന് ഒരു പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ബംഗളൂരുവിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടതെന്നും പിതാവ് പറഞ്ഞു. ”മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കി കൊല്ലണം. അവന്‍ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ട്. പതിവായി ഡല്‍ഹി ഉള്‍പ്പടെയുള്ള സ്ഥലത്തേക്ക് പോവാറുണ്ട്. എഞ്ചീനിയറിംഗ് ബിരുദധാരിയായ മകന്‍ നല്ല ബുദ്ധിമാനാണ്”..ദേവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ച രണ്ടാമത്തെയാളായ സാഗര്‍ ശര്‍മയും മൈസുരു സ്വദേശിയാണ്.
എന്നാല്‍, സ്വന്തം നിലക്കാണ് പാര്‍ലമെന്റില്‍ എത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ഒരു സംഘടനയുമായും ബന്ധമില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് സംഘം പാര്‍ലമെന്റിലെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഇവര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇവരെ എം.പിമാര്‍ കീഴടക്കുകയായിരുന്നു. സഭക്ക് അകത്തും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും കളര്‍സ്മോക്ക് സ്‌പ്രേ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാര്‍ലമെന്റിന് പുറത്ത് പിടിയിലായത്. അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെയാണ് പാര്‍ലമെന്റിന് പുറത്ത് നിന്ന് പിടികൂടിയത്.
അതിനിടെ, അക്രമികള്‍ക്ക് പാസ് നല്‍കിയ ബി.ജെ.പി എം.പി പാര്‍ലമെന്ററികാര്യ മന്ത്രിക്ക് വിശദീകരണം നല്‍കി. കുടക് എം.പി പ്രതാപ് സിംഹയാണ് വിശദീകരണം നല്‍കിയത്. സാഗര്‍ശര്‍മ്മയുടെ പാസില്‍ ഒപ്പിട്ടത് ബി.ജെ.പി എം.പിയായ പ്രതാപ് സിംഹയായിരുന്നു. ലോക്സഭാ സ്പീക്കര്‍ക്ക് ഉടന്‍ വിശദീകരണം നല്‍കും.
രാജ്യത്തെ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയെന്നും അക്രമികള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. സുരക്ഷാവീഴ്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. അതിനിടെ, സന്ദര്‍ശക പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി.