ഹൈദരാബാദ്: അധികാരത്തിലേറിയ ഉടന്‍തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തെലങ്കാനയിലെ രേവന്ത് റെഡ്ഡി സര്‍ക്കാര്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന ‘മഹാലക്ഷ്മി’ പദ്ധതിയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ ജില്ലാ ഓര്‍ഡിനറി ബസുകളിലും ഹൈദരാബാദ് നഗരത്തിലെ എക്സ്പ്രസ് ബസുകളിലും അനുഭവപ്പെട്ടത് അഭൂതപൂര്‍വ്വമായ തിരക്കാണ്.
ഇന്ത്യന്‍ ബോക്സിങ് താരം നികത്ത് സരീന് ഉള്‍പ്പെടെയുള്ള അനേകം സ്ത്രീകളും കുട്ടികളും ട്രാന്‍സ്ജെന്‍ഡറുകളും ഈ സൗജന്യയാത്ര ആസ്വദിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് അധികാരത്തിലെത്തി പിറ്റേദിവസംതന്നെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചത്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ‘ശക്തി’ പദ്ധതിയുടെ മാതൃകയില്‍ ആരംഭിച്ച ”മഹാലക്ഷ്മി” സീറോ-ടിക്കറ്റ് പദ്ധതി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (ടിഎസ്ആര്‍ടിസി) നടത്തുന്ന ആഡംബര ഇതര ബസുകളില്‍ സംസ്ഥാനത്തിനകത്ത് എവിടെയും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ അനുവദിക്കുന്നു. തെലങ്കാനയില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ എന്നിവരുടെ പ്രയോജനത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ പദ്ധതി.
സൗജന്യ യാത്രയ്ക്ക് മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കണം. പൊതുഗതാഗതത്തില്‍ തടസ്സമില്ലാത്ത സൗജന്യ യാത്രയ്ക്കായി ടിഎസ്ആര്‍ടിസി ഉടന്‍ സ്മാര്‍ട്ട് കാര്‍ഡുകളും നല്‍കും. ഇവര്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ തുക തെലങ്കാന സര്‍ക്കാര്‍ ടിഎസ്ആര്‍ടിസിക്ക് തിരികെ നല്‍കും.
‘മഹാലക്ഷ്മി’ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ടിഎസ്ആര്‍ടിസി വൈസ് ചെയര്‍മാനെയും മാനേജിങ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.