KeralaNEWS

സംവിധായകൻ ജിയോ ബേബിയെ പിന്തുണച്ച നടപടി വിശ്വാസികളോടുള്ള വെല്ലുവിളി, സ്വവർ​ഗാനുരാ​ഗത്തിന്റെ പേരിൽ ക്യാംപസുകളിൽ അരാജകത്വം അനുവദിക്കില്ല; മന്ത്രി ആർ ബിന്ദുവിനെതിരേ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ

തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിനെതിരേ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ. സംവിധായകൻ ജിയോ ബേബിയെ പിന്തുണച്ച നടപടി വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും സ്വവർ​ഗാനുരാ​ഗത്തിന്റെ പേരിൽ ക്യാംപസുകളിൽ അരാജകത്വം അനുവദിക്കില്ലെന്നും എംകെ മുനീര്‍ പറഞ്ഞു. എസ്എഫ്ഐയുടെ നീക്കങ്ങളെ ചെറുക്കും. അത്തരം നീക്കങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും മുനീർ കോഴിക്കോട് ജില്ല യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനത്തിൽ പറഞ്ഞു.

‘കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് വിശ്വാസികളാണ്. ആ വിശ്വാസികളെ മുഴുവൻ പുച്ഛിച്ചു നാസ്തികതയോടൊപ്പം നിൽക്കണം എന്നാണ് മന്ത്രി പറയുന്നത്. അതിനെ വിശ്വാസികൾ തള്ളിക്കളയും. ഞങ്ങൾ 6-ാം നൂറ്റാണ്ടിൽ ഉള്ളവരാണ് എന്ന് പുച്ഛിച്ചാൽ അതിനെ വിലകൽപ്പിക്കില്ല. ഡോക്ടർ എന്ന നിലയ്ക്ക് തന്നെ പറയുന്നു. സ്വവർഗാനുരാഗം പറഞ്ഞ് എസ്എഫ്ഐയുടെ ബാനറിൽ കാമ്പസുകളിൽ അരാജകത്വം പ്രചരിപ്പിച്ചാൽ ആ ശ്രമത്തെ ചെറുക്കും. അത്തരം നീക്കങ്ങളെ കൈയ്യും കെട്ടി നോക്കി നിൽക്കില്ല. അങ്ങനെ പേടിപ്പിച്ച് മൂക്കിൽ വലിക്കാൻ പറ്റുന്ന ഒന്നല്ല വിശ്വാസം. ഭരണത്തിന്റെ പോരായ്മ മറച്ചു പിടിക്കാനാണ് ഇത്തരം ചർച്ചകൾ സിപിഐഎം ഉയർത്തുന്നത്.’ പാർലമെന്റിൽ നാല് സീറ്റിനായി സമസ്തയിലും ലീഗിലും ഭിന്നിപ്പുണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്നും എം. കെ. മുനീർ പറഞ്ഞു.

Back to top button
error: