മഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ച യുവതിയുടെ സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. കഴിഞ്ഞ മാസം 28ന് മരിച്ച മഞ്ചേരി മാലാംകുളം സ്വദേശി നടുവത്ത് ഫൈസലിന്റെ ഭാര്യ ഫാത്തിമ (37)യുടെ മാലയും രണ്ട് മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്. ഇതിന് രണ്ട് പവൻ തൂക്കം വരും. ഫാത്തിമയുടെ മകൾ ഫെറീനഫർവിനും സഹോദരി അനു ഹാജ്ഐറയും ഇന്നലെ ആശുപത്രിയിലെത്തി സൂപ്രണ്ട് ഡോ. ഷീന ലാലിന് പരാതി നൽകി. കോളജ് പ്രിൻസിപ്പൽ എൻ. ഗീതയേയും പരാതി ബോധിപ്പിച്ചു.
മഞ്ചേരി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 27ന് ആനക്കയം ചെക്ക് പോസ്റ്റിലുണ്ടായ അപകടത്തെ തുടർന്നാണ് ചികിത്സയിലിരിക്കെ ഫാത്തിമ മരിച്ചത്. രാവിലെ 11.12നാണ് ഫാത്തിമയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സാരമായി പരുക്കേറ്റതിനാൽ ഉച്ചക്ക് 12.15നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഈ സമയം തന്നെ ശരീരത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സഹോദരി പറഞ്ഞു.
മഞ്ചേരിയിൽ നിന്ന് തുണി ഉടുപ്പിച്ചാണ് കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കൽ കോജിൽ എത്തിയതിന് ശേഷം വസ്ത്രം മാറിയപ്പോഴും ആഭരണങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സഹോദരി പറഞ്ഞു. തൊട്ടടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ ഫാത്തിമ മരിച്ചു. മൂന്ന് ദിവസം മുൻപ് ഫാത്തിമയുടെ മകളും സഹോദരിയും ആശുപത്രിയിലെത്തി വോളണ്ടിയർമാരോടും ജീവനക്കാരോടും ആഭരണങ്ങൾ മോഷണം പോയത് അറിയിച്ചിരുന്നു.
സഹോദരിയാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ആശുപത്രിയിൽ നിന്ന് ആഭരണങ്ങൾ കൈപ്പറ്റിയെന്ന വിവരമാണ് ലഭിച്ചത്. ഇതോടെയാണ് പരാതി നൽകിയത്. ആശുപത്രിയിൽ എത്തിച്ചവർ ശരീരത്തിൽ ആഭരണങ്ങളുണ്ടെന്ന് അറിയിച്ചതായും ആഭരണങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്നതിൽ വീഴ്ച ഉണ്ടായെന്നും പരാതിയിൽ പറയുന്നു. മോർച്ചറിയിലേക്ക് മാറ്റുന്നതിന് മുൻപ് ആഭരണങ്ങൾ ഊരി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം എയ്ഡ് പോസ്റ്റിൽ പൊലിസിൽ ഏൽപ്പിക്കുകയാണ് പതിവെന്നും റഫർ ചെയ്യുന്ന രോഗിയുടെ കൈയിലുള്ള ഒന്നും എടുത്ത് വയ്ക്കാറില്ലെന്നും അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ പറഞ്ഞു.