തിരുവല്ലയില്‍ നവജാതശിശുവിനെ കൊന്ന സംഭവം ;മാതാവ് ശ്രമിച്ചത് അവിഹിത ഗര്‍ഭം മറയ്ക്കാന്‍
ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ശുചിമുറിയിലെ ക്ലോസറ്റില്‍ പ്രസവിച്ച നീതു കുഞ്ഞിനെ അവിടെ നിന്ന് എടുത്ത് മടിയില്‍ വച്ച ശേഷം ബക്കറ്റിലെ വെള്ളം മഗ് കൊണ്ട് കോരി കുഞ്ഞിന്റെ മൂക്കില്‍ ഒഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു.
നീതുവുമായി ചുമത്രയിലെ വാടകവീട്ടില്‍ തെളിവെടുപ്പ് നടത്തിയ പൊലീസ് കൊലപാതക രംഗം പുനരാവിഷ്കരിച്ചു. ഇതിനായി കുഞ്ഞിന്റെ ഡമ്മിയും തയാറാക്കിയിരുന്നു.
നീതു ഗര്‍ഭിയാണെന്ന വിവരം പുറമേ കാമുകന് മാത്രമാണ് അറിയാമായിരുന്നത്. ഇതേ ആശുപത്രിയില്‍ നേരത്തേ ജോലി ചെയ്തിരുന്ന കാമുകന് തൃശൂര്‍ സ്വദേശിയായ ഇരുപത്തഞ്ചുകാരനാണ്.
താൻ ഗര്‍ഭിണിയാണെന്ന വിവരം മറയ്ക്കാന്‍ വേണ്ടി തനിക്ക് പിസിഓഡി ആണെന്നാണ് നീതു സഹപ്രവര്‍ത്തകരോട് പറഞ്ഞത്. അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്നവര്‍ നീതുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇവര്‍ എത്തി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് മനസിലായത്.
പിന്നാലെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. പ്രസവിച്ച ഉടനെ കുഞ്ഞ് ക്ലോസറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചുവെന്ന കഥയാണ് നീതു പൊലീസിനോട് പറഞ്ഞത്.
പോസ്റ്റുമോര്‍ട്ടത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് മനസിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ നീതുവിന് പിടിച്ചു നില്ക്കാനായില്ല. 2.800 കി. ഗ്രാം തൂക്കമുണ്ടായിരുന്ന പെണ്‍കുഞ്ഞ് ആരോഗ്യവതിയായിരുന്നു.
സ്വകാര്യ മെഡിക്കല്‍ കോളജില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് എന്ന തസ്തികയിലാണ് നീതു ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് തൃശൂര്‍ സ്വദേശിയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് ഇയാള്‍ ഇവിടെ നിന്ന് പോയി. ഇയാളെയും പ്രതിയാക്കുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.