IndiaNEWS

ജയിലില്‍ സുഖജീവിതം വാഗ്ദാനം ചെയ്ത് പണം തട്ടി; ഡല്‍ഹി മുന്‍മന്ത്രിക്കെതിരേ കേസെടുക്കാന്‍ അനുമതി തേടി സിബിഐ

ന്യൂഡല്‍ഹി: ധനികരായ കുറ്റവാളികള്‍ക്കു ജയിലില്‍ സുഖജീവിതം ഒരുക്കാമെന്നു വാഗ്ദാനം ചെയ്ത് അവരില്‍ നിന്നു കോടികള്‍ വാങ്ങിയ ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിനെതിരെ കേസെടുക്കാന്‍ അനുമതി തേടി സിബിഐ ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേനയ്ക്കു കത്ത് നല്‍കി.

വിവാദ ഇടനിലക്കാരന്‍ സുകാഷ് ചന്ദ്രശേഖറില്‍ നിന്നും ജെയിന്‍ പണം വാങ്ങിയിട്ടുണ്ടെന്നും സിബിഐ ആരോപിക്കുന്നു. ഡല്‍ഹിയിലെ ജയിലുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു സത്യേന്ദര്‍ ജെയിന്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിലായ ജെയിന്‍ മന്ത്രിപദവി ഒഴിയുകയായിരുന്നു.

Signature-ad

കൂടാതെ ഡല്‍ഹിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ധനികരില്‍ നിന്നു ഇതേ വാഗ്ദാനം നല്‍കി കോടികള്‍ കൈപ്പറ്റിയെന്നും സിബിഐ പറയുന്നു. സിബിഐയുടെ കത്ത് ലഫ്.ഗവര്‍ണര്‍ക്കു ലഭിച്ചതായി രാജ്ഭവന്‍ സ്ഥിരീകരിച്ചു. സത്യേന്ദറിനു പുറമേ മുന്‍ ജയില്‍ സൂപ്രണ്ട് രാജ്കുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും സിബിഐ ലഫ്.ഗവര്‍ണറുടെ അനുമതി തേടി.

ജയിലില്‍ സുരക്ഷിതവും സുഖകരവുമായ ജീവിതം വാഗ്ദാനം ചെയ്ത് സുകാഷില്‍ നിന്ന സത്യേന്ദര്‍ ജെയിന്‍ 10 കോടിയിലേറെ രൂപ വാങ്ങിയെന്നാണ് സിബിഐ പറയുന്നത്. ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍, അഡീഷനല്‍ ജയില്‍ ഐജി മുകേഷ് പ്രസാദ് എന്നിവരും കൂടി ചേര്‍ന്നാണ് വന്‍ റാക്കറ്റ് നടത്തുന്നത്.

ഇവര്‍ ഇരുവരും സുകാഷില്‍ നിന്നു 12.50 കോടിയിലേറെ രൂപ കൈപ്പറ്റിയെന്നു സിബിഐ പറയുന്നു. തിഹാറിലെ 4ാം നമ്പര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടായിരുന്ന രാജ്കുമാര്‍ വഴിയാണ് സുകാഷ് സന്ദീപ് ഗോയലിനു കോടികള്‍ കൈമാറിയതെന്നും സിബിഐ പറഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.

2022 ഒക്ടോബറില്‍ സത്യേന്ദര്‍ ജെയിന്‍ തിഹാര്‍ ജയിലില്‍ ആഡംബര ജീവിതം നയിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. മസാജും വീട്ടില്‍ നിന്നുള്ള ഭക്ഷണവും ഉള്‍പ്പെടെ ജയില്‍ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജെയിനിന്റെ സുഖജീവിതം എന്നായിരുന്നു ഇ.ഡിയുടെ ആരോപണം.

Back to top button
error: