ന്യൂയോര്‍ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ ഒന്നിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1, 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുമെന്നും കൂടുതല്‍ പകര്‍ച്ച സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പുതിയ വകഭേദം യുഎസിന് പുറമെ യുകെ, ഐസ്‌ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സെപ്തംബര്‍ ആദ്യവാരമാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ബിഎ 2.86 വകഭേദത്തില്‍ നിന്നുമുണ്ടായ പുതിയ രൂപമാണ് ജെഎന്‍1. 2021ല്‍ വിവിധ രാജ്യങ്ങളില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് ഉണ്ടായതാണ് ബിഎ 2.86. സമാന സ്വഭാവമുള്ളവരാണ് ബിഎ 2.86നും ജെഎന്‍ ഒന്നും. സ്‌പൈക്ക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരു വകഭേദങ്ങള്‍ തമ്മിലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്പൈക്ക് പ്രോട്ടീനുകളാണ് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിലും രോഗബാധയേല്‍ക്കുന്നതിലും സ്‌പൈക്ക് പ്രോട്ടീന്‍ പങ്ക് വഹിക്കുന്നുണ്ടെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തല്‍. കൊവിഡ് വാക്‌സിനുകള്‍ ബിഎ 2.86 വകഭേദത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പുതിയ വകഭേദത്തില്‍ എത്രമാത്രം ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന കാര്യത്തിലാണ് നിലവിലെ ആശങ്കയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊവിഡ് പൂര്‍ണമായി മാറിയിട്ടില്ല. പുതിയ വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. നിലവില്‍ യുഎസില്‍ 0.1 ശതമാനം മാത്രമാണ് ജെഎന്‍ 1 വകഭേദമെന്നും സിഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.