കൊച്ചി: ആത്മഹത്യക്ക് ശ്രമിച്ചതിന് പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ അലന്‍ ഷുഹൈബിനെ ഇന്നലെ ഫ്‌ളാറ്റില്‍ കണ്ടെത്തുകയായിരുന്നു.
അലന്‍ കൊച്ചി സണ്‍ റൈസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതയാണ് വിവരം. അലന്‍ ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ”തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും” അലന്‍ സുഹൃത്തുക്കള്‍ക്കയച്ച ദീര്‍ഘമായ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
എറണാകുളത്തുള്ള ബന്ധുവിന്റെ ഫ്‌ളാറ്റിലാണ് അലന്‍ താമസിച്ചിരുന്നത്. പന്തീരങ്കാവ് യുഎപിഎ കേസില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം. നിയമവിദ്യാര്‍ഥിയായ അലന് ഇപ്പോള്‍ വാര്‍ഷിക പരീക്ഷ നടക്കുകയാണ്. കേസിലെ വിചാരണ പരീക്ഷയെ ബാധിക്കുന്നതിനാല്‍ ദിവസങ്ങളായി അസ്വസ്ഥനായിരുന്നെന്ന് പറയുന്നു.
നിരോധിത പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ (യുഎപിഎ) സിപിഎം നിലപാടു മാറ്റത്തിലൂടെയാണ് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ചര്‍ച്ചയായത്. 2019 നവംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.