CrimeNEWS

മാവോയിസ്റ്റുകളെ ജീവനോട് പിടികൂടുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം; 2016 ന് ശേഷം കേരളത്തില്‍ കൊല്ലപ്പെട്ടത് 8 മാവോയിസ്റ്റുകള്‍

കല്‍പ്പറ്റ: കേരളത്തില്‍ പത്ത് വര്‍ഷത്തിനിടയില്‍ നിരവധി മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും ജീവനോടെ പിടികൂടുന്നത് ആദ്യം. മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ വെച്ച് തമിഴ്‌നാട് ക്യുബ്രാഞ്ച് പിടികൂടിയതിന് ശേഷം ഒരാളെ പോലും ജീവനോടെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. 2016ന് ശേഷം സംസ്ഥാനത്ത് എട്ട് മാവോയിസ്റ്റുകളാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. നിലമ്പൂരിലെ കരുളായിലും വയനാട്ടിലുമെല്ലാം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായയ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ കുപ്പുദേവരാജ്, അജിത, സിപി ജലീല്‍, വേല്‍മുരുകന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.

പിന്നീട് ഉണ്ടായ ഏറ്റുമുട്ടലുകളിലെല്ലാം തന്നെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണ് ഉണ്ടായത്. ഇതെല്ലാം വ്യാജ ഏറ്റുമുട്ടലുകളാണെന്ന ആരോപണവും ശക്തമായിരുന്നു. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ഈ റോഡ് സ്വദേശി തമ്പി എന്ന പേരില്‍ അറിയപ്പെടുന്ന അനീഷ് ബാബുവിനെ കോഴിക്കോട് റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം കൊയിലാണ്ടിക്കടുത്ത് വെച്ച് ചൊവ്വാഴ്ച പിടികൂടിയിരുന്നു, മാവോയിസ്റ്റുകള്‍ക്ക് പുറത്ത് നിന്നുള്ള സാധനങ്ങള്‍ എത്തിക്കുന്ന തമ്പി കൊറിയര്‍ എന്നാണ് അറിയപ്പെടുന്നത്.

Signature-ad

നേരത്തേ വയനാട് പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. തമ്പിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച നിര്‍ണായകമായ വിവരങ്ങളാണ് മാവോയിസ്റ്റ് പ്രവര്‍ത്തകരായ ഉണ്ണിമായ, ചന്ദ്രു എന്നിവരെ പിടികൂടാന്‍ പോലീസിന് സഹായകരമായത്. ബാണാസുരദളത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തില്‍പെട്ടവരാണ് പിടിയിലായതെന്നാണ് വിവരം. തൊണ്ടര്‍നാട്, കോഴിക്കോട് ഭാഗങ്ങളിലാണ് പ്രധാനമായും ഇവരുടെ പ്രവര്‍ത്തനം. ഇതിന്റെ കമാന്‍ഡറായി പ്രവര്‍ത്തിക്കുന്നയാളാണ് ചന്ദ്രുവെന്നാണ് കരുതുന്നത്.

മാസങ്ങള്‍ക്കു മുമ്പ് കമ്പമലയിലും മറ്റും എത്തിയ സംഘമല്ല പിടിയിലായതെന്നാണ് സൂചന. സി പി മൊയ്തീന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കബനീദളത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് കമ്പമല, തലപ്പുഴ പൊയില്‍, മക്കിമല എന്നിവിടങ്ങളിലെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മാവോയിസ്റ്റുകള്‍ക്കായി ശക്തമായ തിരച്ചില്‍ നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

 

Back to top button
error: