തിരുവനന്തപുരം: വെള്ളക്കരം കൂട്ടുന്നത് വാട്ടർ അതോറിറ്റി ആലോചിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം അഞ്ച് ശതമാനം കൂട്ടണമെന്ന് കേന്ദ്ര നിർദ്ദേശമുണ്ട്. പക്ഷേ അതിൽ നിന്നും മാറി നിൽക്കാനാണ് കേരളം തീരുമാനിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്. നിലവിൽ വെള്ളകരം കൂട്ടാൻ ആലോചിച്ചിട്ടില്ല. അത്തരം തീരുമാനമോ ആലോചനയോയില്ല. ജലജീവന് മിഷൻ ഏറ്റവും നന്നായി നടപ്പാക്കിയത് കേരളമാണെന്നും മന്ത്രി വിശദീകരിച്ചു.
വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നതിനിടെയാണ് ഇന്നലെ വൈദ്യുതി നിരക്ക് കേരളം കൂട്ടിയത്. അതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നതായി സൂചനയുണ്ടായി. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. ലിറ്ററിന് കൂടിയത് ഒരു പൈസ ആണെങ്കിലും അത് വാട്ടർ ബില്ലിൽ പ്രതിഫലിച്ചത് അതുവരെ ഉണ്ടായിരുന്നതിൻറെ മിനിമം മൂന്നിരട്ടിയായാണ്. ഇനിയും നിരക്ക് കൂട്ടിയാൽ ജനങ്ങൾക്ക് അത് വലിയ തിരിച്ചടിയാകും.