കല്ലുവാതുക്കല്‍ ഊഴയ്ക്കാട് ക്ഷേത്രത്തിന് സമീപം കരിയിലക്കൂട്ടത്തിനിടയില്‍ നിന്നും നവജാത ശിശുവിനെ ഉപേക്ഷിക്കപ്പട്ട നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കുവാനുള്ള തീവ്രമായ ശ്രമങ്ങളും തുടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിനെ കരിയിലക്കുഴിയില്‍ നിന്നും കണ്ടെത്തിയത്. ആദ്യം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ വയറ്റില്‍ മുലപ്പാലിന്റെ അംശം ഇല്ലായിരുന്നുവെന്നും ശ്വാസകോശത്തില്‍ കരയിലയുടെ അംശം കണ്ടെത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന് ന്യുമോണിയ ബാധയും ഹൃദയ സംബന്ധമായും അസുഖവും ഉണ്ടായിരുന്നു. ഇവയാണ്് കുട്ടി മരിക്കാന്‍ ഇടയാക്കിയ പ്രധാന കാരണങ്ങളായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയത്.
സംഭവത്തിലെ പ്രതികള്‍ക്കായി പോലീസ് അന്വഷണം ആരംഭിച്ചു. ചാത്തന്നൂര്‍ എസിപി ഷിനു തോമസിന്റെ നേതൃത്വത്തില്‍ രൂപേഷ് രാജ്, ജസ്റ്റിന്‍ ജോണ്‍, വിപിന്‍കുമാര്‍ തുടങ്ങിയ ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്തിന് ചുറ്റുവട്ടത്തുള്ള അറുപതിലേറെ ആളുകളുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സമീപപ്രദേശങ്ങളിലെ ആശുപത്രികളില്‍ നിന്നും ഗര്‍ഭിണികളായിരുന്ന സ്ത്രീകളെപ്പറ്റിയുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്.