Lead NewsNEWS

ഡല്‍ഹിയിലും ജമ്മുവിലും പക്ഷിപ്പനി ഭീതി; നൂറിലധികം കാക്കകള്‍ ചത്ത നിലയില്‍

ഡല്‍ഹിയിലും പക്ഷിപ്പനി ഭീതി;കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
ന്യൂഡല്‍ഹി: നൂറിലധികം കാക്കകള്‍ ചത്ത നിലയില്‍. മയൂര്‍ വിഹാറിലെ പാര്‍ക്കിലാണ് നൂറിലധികം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയത്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇവയുടെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പരിശോധനക്കായി അയച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ കാക്കകളെ ചത്ത നിലയില്‍ കാണുന്നുണ്ടെന്ന് പാര്‍ക്ക് ജീവനക്കാരന്‍ പറയുന്നു.

Signature-ad

ഇന്ന് രാവിലെ മാത്രം 15-20 കാക്കകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങള്‍ക്കിടെ നൂറോളം കാക്കകളാണ് ഇവിടെ ചത്തത്. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് ഒരു സംഘമെത്തി അഞ്ച് സാമ്പളുകള്‍ എടുത്തുകൊണ്ട് പോയി എന്നും പാര്‍ക്ക് ജീവനക്കാരന്‍ പറഞ്ഞു.

അതേസമയം, കേന്ദ്രഭരണപ്രദേശമായ ജമ്മുവിലെ മൂന്നു ജില്ലകളിലും നൂറ്റമ്പതോളം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി. കാരണം കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ പഞ്ചാബിലെ വന്യജീവി ലാബിലേക്ക് അയച്ചു. ഉദ്ധംപുര്‍, കത്തുവ, രാജൗരി ജില്ലകളില്‍ വ്യാഴാഴ്ച മുതലാണ് പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് വന്യജീവി-മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി. അവര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാണ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചിരുന്നു. കര്‍മപദ്ധതി പ്രകാരം രോഗം നിയന്ത്രിക്കാനുളള നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജമ്മുവില്‍ കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതല്‍ നടപടിയെന്നോണം ജീവനുളള പക്ഷികളുടെയും സംസ്‌കരിക്കാത്ത കോഴി ഇറച്ചിയുടെയും ഇറക്കുമതി ജനുവരി 14 വരെ നിരോധിച്ചിട്ടുണ്ട്.

കേരളത്തിലെ നാലു പ്രദേശങ്ങള്‍ അടക്കം 12 കേന്ദ്രങ്ങളാണ് പക്ഷിപ്പനിയുടെ ഉറവിടങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Back to top button
error: