റിയാദ്: സൗദി അറേബ്യയില്‍ ഇനി ഔദ്യോഗിക തീയതികള്‍ കണക്ക് കൂട്ടുക ഇംഗ്ലീഷ് (ഗ്രിഗോറിയൻ) കലണ്ടര്‍പ്രകാരമായിരിക്കും.
എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ് കലണ്ടര്‍ അവലംബമാക്കാൻ റിയാദില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
രാജ്യത്തെ സര്‍ക്കാര്‍ തലത്തിലുള്‍പ്പടെ പൊതുവായ തീയതികളും കാലയളവുകളും ഇതോടെ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനക്രമീകരിക്കും.
രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസൻസ്, വിസ, വാണിജ്യ ലൈസൻസ് തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ മാറ്റമുണ്ടാവും. ഹിജ്ര തീയതിയും ഒപ്പം ഇംഗ്ലീഷ് തീയതിയും രേഖപ്പെടുത്തുന്ന പതിവ് രീതിക്ക് പകരമാണ് ഈ മാറ്റം.