IndiaNEWS

ഒക്ടോബറില്‍ 16 ലക്ഷം കോടിയുടെ യു.പി.ഐ ഇടപാടുകള്‍; ഡിജിറ്റല്‍ പേയ്‌മെന്റില്‍ കുതിപ്പ്

മുംബൈ:  ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഇന്ത്യയില്‍ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഒക്ടോബറില്‍ യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേയ്‌സ് (യു. പി. ഐ) ഇടപാടുകളുടെ മൂല്യം ഇതാദ്യമായി പതിനാറ് ലക്ഷം കോടി രൂപ കവിയും. മൊത്തം ഇടപാടുകളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം മാസത്തിലും അയിരം കോടിക്ക് മുകളിലെത്തുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ച് വടക്കെഇന്ത്യയില്‍ കച്ചവടത്തിലുണ്ടായ ഉണര്‍വും സാമ്പത്തിക മേഖലയുടെ മികച്ച പ്രകടനവും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കുത്തനെ കൂടാന്‍ സഹായിച്ചു. ഗൂഗിള്‍ പേ, പേയ്ടി. എം, ഫോണ്‍ പേ എന്നിവയുടെ വരവോടെ വന്‍കിട നഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറത്തെ ചെറുക്കച്ചവടക്കാര്‍ വരെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറി. നിലവില്‍ മുപ്പത് കോടി ഉപഭോക്താക്കളാണ് യു. പി. ഐ സംവിധാനം ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്തുന്നത്.

Signature-ad

യു. പി. ഐ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം അന്‍പത് കോടി കവിഞ്ഞു. അടുത്ത ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് എളുപ്പത്തിലും സൗകര്യപ്രദമായും അതിവേഗം പണമയക്കാനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതിദിന യു. പി. ഐ ഇടപാടുകളുടെ എണ്ണം നൂറു കോടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, മൊബൈല്‍ ബാങ്കിംഗ് എന്നിവ കൂടി കണക്കിലെടുത്താല്‍ രാജ്യത്തെ മൊത്തം ധനകാര്യ ഇടപാടുകളില്‍ അന്‍പത് ശതമാനത്തിലധികം ഡിജിറ്റലായി മാറിയെന്ന് വിദഗ്ധര്‍ പറയുന്നു.

 

 

Back to top button
error: