KeralaNEWS

നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനുള്ള തീരുമാനം; ആശങ്കയില്‍ കര്‍ഷകര്‍

തിരുവനന്തപുരം: നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കര്‍ഷകര്‍ ആശങ്കയില്‍. സംഭരണം സംബന്ധിച്ച് സഹകരണ സംഘങ്ങള്‍ക്ക് ഇനിയും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ല. നേരത്തേ നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിച്ച് പരാജയപ്പെട്ടതാണെന്നും കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു.

ഒന്നാം വിള നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങള്‍ക്ക് ഇനിയും കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കാത്തതാണ് കര്‍ഷകര്‍ക്ക് ആശങ്കയാവുന്നത്. നെല്ല് സംഭരിച്ചശേഷം കര്‍ഷകര്‍ക്ക് നല്‍കുന്ന പണം എങ്ങനെ തിരികെ ലഭിക്കുമെന്ന് സഹകരണ സംഘങ്ങള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. ഇവര്‍ക്ക് നെല്ല് സംഭരിക്കാനുള്ള സംവിധാനങ്ങളും കുറവാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങളെ പരീക്ഷിച്ചപ്പോള്‍ ഗോഡൗണുകളിലെ അസൗകര്യങ്ങളാണ് തിരിച്ചടിയായത്.

Signature-ad

രണ്ടാം വിള നെല്ല് സംഭരിച്ചതിന്റെ തുക പൂര്‍ണമായും കൊടുത്തുതീര്‍ത്തിട്ടില്ല . ഇതിനിടെയാണ് ഒന്നാം വിള നെല്ല് കൊയ്ത കര്‍ഷകര്‍ ഇത് ആര് സംഭരിക്കും എന്ന് അറിയാതെ ആശങ്കയില്‍ തുടരുന്നത്. സപ്ലൈക്കോയ്ക്ക് നല്‍കിയാല്‍ 28.20 രൂപ ലഭിക്കും. എന്നാല്‍ ഇത് വൈകും തോറും പുറത്ത് മില്ലുകള്‍ക്ക് നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. 20 രൂപയില്‍ താഴെയാണ് ഇവരില്‍ നിന്നും ലഭിക്കുക. വിഷയത്തില്‍ സര്‍ക്കാര്‍ ഉടനെ അന്തിമ തീരുമാനം സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്കാണ് നെല്‍ കര്‍ഷകര്‍ നീങ്ങുക.

 

Back to top button
error: