Breaking NewsLead News

നവജാത ശിശുവിന്റെ മൃതദേഹം കരിങ്കല്‍ ക്വാറിയില്‍: അമ്മയ്‌ക്കെതിരേ കേസ്; യുവതി അബോധാവസ്ഥയില്‍ ചികിത്സയില്‍; ഇതിനുമുമ്പും കുഞ്ഞിനെ മരുന്നു കഴിച്ച് ഇല്ലാതാക്കിയെന്ന് ഭര്‍തൃമാതാവ്

ചെറുതുരുത്തി (തൃശൂര്‍): നവജാത ശിശുവിന്റെ മൃതദേഹം കരിങ്കല്‍ ക്വാറിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരേ ചെറുതുരുത്തി പോലീസ് കേസെടുത്തു. ചേലക്കര ആറ്റൂര്‍ ഭഗവതിക്കുന്ന് അനില്‍കുമാറിന്റെ ഭാര്യ സ്വപ്നയക്കെതിരേയാണ് (37) കേസ്. അമിതരക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: രണ്ടു കുട്ടികളുടെ അമ്മയായ സ്വപ്ന മൂന്നാമത് ഗര്‍ഭിണിയായ വിവരം ഭര്‍ത്താവില്‍നിന്നും കുടുംബത്തില്‍ നിന്നും മറച്ചു വയ്ക്കുകയും ഗുളിക കഴിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എട്ടാംമാസത്തില്‍ യുവതി പ്രസവിച്ച കുഞ്ഞു മരിച്ചു. കുട്ടിയെ പ്രസവിച്ചത് കഴിഞ്ഞ പത്തിനാണെന്നാണ് സ്വപ്ന പറയുന്നത്. ഭര്‍തൃ വീടായ മുള്ളൂര്‍ക്കര ആറ്റൂരിലെ ശുചിമുറിയിലാണ് കുട്ടിയെ പ്രസവിച്ചത്. പ്രസവത്തില്‍തന്നെ കുഞ്ഞു മരിച്ചെന്നാണു വിവരം. തുടര്‍ന്ന് ജഡം ബാഗിലാക്കി സൂക്ഷിച്ചു. 12നു യുവതിഷൊര്‍ണൂര്‍ ത്രാങ്ങാലിയിലെ സ്വന്തം വീട്ടിലേക്ക് പോയി.

Signature-ad

കുട്ടിയുടെ ജഡത്തിനൊപ്പം തുണികളും നിറച്ച ചാക്ക് സഹോദരന്‍ ഉണ്ണികൃഷ്ണനോട് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉണ്ണികൃഷ്ണന് ചാക്കില്‍ കുഞ്ഞിന്റെ ജഡമുള്ളതായി അറിവുണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണന്‍ ജോലി ചെയ്തിരുന്ന വാണിയങ്കുളത്തെ കരിങ്കല്‍ ക്വാറിയില്‍ നാട്ടുകാര്‍ ചവറുകള്‍ ഇടുന്ന സ്ഥലത്ത് ചാക്ക് ഉപേക്ഷിച്ചു. അമിതരക്തസ്രാവം മൂലം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവ് അനില്‍കുമാറും ഉണ്ടായിരുന്നു.

യൂറിനറി ഇന്‍ഫെക്ഷനായതു മൂലമാണ് രക്തസ്രാവമെന്നാണു സ്വപ്ന ഭര്‍ത്താവിനെ അറിയിച്ചിരുന്നത്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിവുണ്ടായിരുന്നില്ല. ഇതിനുമുന്‍പും രണ്ടുമാസമായ ഒരു കുഞ്ഞിനെ മരുന്നു കഴിച്ച് കളഞ്ഞതായി ഭര്‍തൃമാതാവ് പറഞ്ഞു. പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന വിവരം മനസിലായി.

ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെറുതുരുത്തി പോലീസെത്തി മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് ഫോറന്‍സിക്ക് വിഭാഗത്തിന് കൈമാറി. ചെറുതുരുത്തി സിഐ ബി. ബിനു, എസ്‌ഐ ജമാലുദ്ദീന്‍, എസ് സിപിഒ പ്രശോഭ്, സിപിഒ അഭിജിത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: