Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

ഓസ്‌ട്രേലിയയ്ക്ക് എണ്ണം പറഞ്ഞ് മറുപടി; ഇതു പെണ്‍പടയുടെ കരുത്ത്; ഇന്ത്യ ഫൈനലില്‍; കൂറ്റന്‍ സ്‌കോര്‍ മറികടന്നത് ഒമ്പതു പന്ത് ബാക്കി നില്‍ക്കേ; ത്രില്ലര്‍ പോരാട്ടത്തില്‍ ജെമീമയ്ക്കു സെഞ്ച്വറി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും

വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ മൂന്നു വിക്കറ്റിനു തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് എണ്ണംപറഞ്ഞ മറുപട കൊടുത്ത് ഇന്ത്യയുടെ ഉജ്വല വിജയം. സെമി പോരാട്ടത്തില്‍ 338 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ നേടിയിട്ടും, ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചിരുന്നു. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകള്‍ നേരിട്ട ജെമീമ 12 ഫോറുകള്‍ ഉള്‍പ്പടെ 127 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തില്‍ 24), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥന (24 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍.

Signature-ad

മറുപടി ബാറ്റിങ്ങില്‍ 13 റണ്‍സില്‍ നില്‍ക്കെ ഷെഫാലി വര്‍മയെയും 59ല്‍ നില്‍ക്കെ സ്മൃതി മന്ഥനയെയും നഷ്ടമായ ഇന്ത്യയ്ക്ക് ജെമീമ ഹര്‍മന്‍പ്രീത് സഖ്യമാണു കരുത്തായത്. കിം ഗാര്‍ത്താണ് രണ്ടു മുന്‍നിര ബാറ്റര്‍മാരെ വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം ജെമീമയും തകര്‍ത്തടിച്ചതോടെ 17 ഓവറില്‍ 100 ഉം 31.2 ഓവറില്‍ 200 ഉം കടന്ന് സ്‌കോര്‍ മുന്നേറി.

മത്സരത്തിന്റെ 36ാം ഓവറില്‍ ഹര്‍മന്‍പ്രീതിനെ മടക്കി അനബെല്‍ സതര്‍ലന്‍ഡ് ഓസ്‌ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കി. മധ്യനിരയില്‍ ദീപ്തി ശര്‍മയും റിച്ച ഘോഷും വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ മടങ്ങിയെങ്കിലും ജെമീമയുടെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയെ വിജയത്തിലെത്തിച്ചു. 115 പന്തുകളിലാണ് ജെമീമ ഏകദിന കരിയറിലെ മൂന്നാം സെഞ്ചറിയിലെത്തിയത്. അവസാന 12 പന്തുകളില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. മൊളിനൂക്‌സിന്റെ 49ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി അമന്‍ജ്യോത് കൗര്‍ ഇന്ത്യയുടെ വിജയമാഘോഷിച്ചു.

ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സടിച്ച് ഓള്‍ഔട്ടായി. സെഞ്ചറി നേടിയ ഓപ്പണര്‍ ഫോബെ ലിച്ച്ഫീല്‍ഡിന്റെ പ്രകടനനമാണ് ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 93 പന്തുകള്‍ നേരിട്ട ലിച്ച്ഫീല്‍ഡ് മൂന്നു സിക്‌സുകളും 17 ഫോറുകളുമുള്‍പ്പടെ 119 റണ്‍സെടുത്തു. എലിസ് പെറി (88 പന്തില്‍ 77), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (45 പന്തില്‍ 63) എന്നിവര്‍ അര്‍ധ സെഞ്ചറികളുമായി തിളങ്ങി.

സ്‌കോര്‍ 25 ല്‍ നില്‍ക്കെ അലിസ ഹീലിയെ ബോള്‍ഡാക്കി യുവതാരം ക്രാന്തി ഗൗഡ് ഇന്ത്യയ്ക്കു മികച്ച തുടക്കമാണു സമ്മാനിച്ചത്. എന്നാല്‍ എലിസ് പെറിയെ കൂട്ടുപിടിച്ച് ലിച്ച്ഫീല്‍ഡ് നടത്തിയ രക്ഷാപ്രവര്‍ത്തനം ഓസീസിനെ രക്ഷിച്ചു. 15.2 ഓവറില്‍ ഓസ്‌ട്രേലിയ 100 പിന്നിട്ടു. സ്‌കോര്‍ 180ല്‍ നില്‍ക്കെ ലിച്ച്ഫീല്‍ഡിനെ ബോള്‍ഡാക്കി അമന്‍ജ്യോത് കൗര്‍ ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചെത്തിക്കാന്‍ ശ്രമിച്ചു.

ശ്രീചരണിയുടെ പന്തുകളില്‍ ബെത്ത് മൂണിയും അനബെല്‍ സതര്‍ലന്‍ഡും വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിക്കാതെ മടങ്ങി. സ്‌കോര്‍ 243 ല്‍ നില്‍ക്കെ, അര്‍ധ സെഞ്ചറി നേടിയ എലിസ് പെറിയെ രാധാ യാദവ് പുറത്താക്കി. എന്നാല്‍ ഗാര്‍ഡ്‌നര്‍ അര്‍ധ സെഞ്ചറിയുമായി തിളങ്ങിയതോടെ ഓസീസ് 300 കടന്നു. ഗാര്‍ഡ്‌നര്‍ റണ്ണൗട്ടായ ശേഷം വാലറ്റം അതിവേഗം മടങ്ങി. ഇന്ത്യയ്ക്കായി ശ്രീചരണി, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ക്രാന്തി ഗൗഡ്, അമന്‍ജ്യോത് കൗര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: