കുട്ടികള്‍ക്ക് മാതൃകയാകേണ്ട അദ്ധ്യാപകന്‍ അടിച്ചു നൂലായി ; ഓടിച്ച കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി ; ഇരുചക്രവാഹന യാത്രക്കാരനെ തള്ളിക്കൊണ്ടു പോയത് നാലു കിലോമീറ്റര്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ മദ്യപിച്ച അധ്യാപകന്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി ഹൈവേയില്‍ വലിച്ചിഴച്ചത് നാലു കിലോമീറ്റര്‍. ഈ ഭയാനകമായ സംഭവം വീഡിയോയില്‍ പകര്‍ത്തിയതോടെ പോലീസ് നടപടിയും വ്യാപകമായ പൊതുജന രോഷവും ഉണ്ടായി. മഹിസാഗര്‍ ജില്ലയിലെ ഹാലോള്‍-ഷംലാജി സംസ്ഥാന പാതയിലായിരുന്നു അസ്വസ്ഥത ഉളവാക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒരു കാര്‍ ഡ്രൈവര്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി മൂന്നോ നാലോ കിലോമീറ്റര്‍ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവസമയത്ത് മദ്യപിച്ചിരുന്ന പ്രതികളായ കാര്‍ ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിച്ചിരുന്നയാളെയും ചേര്‍ത്ത് ഇരുചക്ര വാഹനം കാര്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
അപകടത്തിന്റെ ആഘാതം വളരെ ഗുരുതരമായതിനാല്‍ അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ദാഹോദ് ജില്ലയില്‍ നിന്നുള്ള ബൈക്ക് യാത്രികര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒരാളെ ലുനാവാഡ സിവില്‍ ആശുപത്രിയിലും മറ്റൊരാളെ വഡോദര സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്.
ബക്കോര്‍ പോലീസ് സ്ഥലത്തെത്തി മദ്യപിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ മനീഷ് പട്ടേലും സഹോദരന്‍ മെഹുല്‍ പട്ടേലും മദ്യപിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മനീഷ് പട്ടേല്‍ ലുനാവാഡ താലൂക്കില്‍ നിന്നുള്ളയാളാണെന്നും വഡോദരയില്‍ അധ്യാപകനായി ജോലി ചെയ്യുന്നുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.






