മാലിന്യ മലയില്‍നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കളിക്കളത്തിലേക്ക്; ലാലൂരിലെ ഐ.എം. വിജയന്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഉദ്ഘാടനം നവംബര്‍ മൂന്നിന്; വിജയന്‍ വീണ്ടും ബൂട്ടണിയും

തൃശൂര്‍: ഐ.എം. വിജയന്റെ പേരിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യത്തിലേക്ക്. മാലിന്യക്കൂമ്പാരമായിരുന്ന ലാലൂരിലെ അന്താരാഷ്ട്ര സ്പോര്‍ട്‌സ് കോംപ്ലക്സില്‍ 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഹോക്കി ഗ്രൗണ്ട്, കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും.
തൃശൂരിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന നിമിഷത്തിന് ആവേശം പകരാന്‍ ഐ എം വിജയന്‍ വീണ്ടും കളിക്കളത്തിലിറങ്ങുന്നെന്ന പ്രത്യേകതയുമുണ്ട്. ലാലൂര്‍ ഐ എം വിജയന്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിലാണ് നാട്ടുകാര്‍ക്ക് മുന്നില്‍ കാല്‍പ്പന്താരവം തീര്‍ക്കാന്‍ ഐ.എം വിജയന്‍ എത്തുന്നത്. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടനത്തിനുശേഷം മൈതാനത്തെ ആദ്യ മത്സരമായാണ് ഐ എം വിജയന്റെ ടീമും റെസ്റ്റ് ഓഫ് കേരള സ്റ്റാഴ്സും ഏറ്റുമുട്ടുക. തൃശൂരിലെ ഫുട്ബോള്‍ താരങ്ങള്‍ ഐ എം വിജയന്‍ നേതൃത്വം നല്‍കുന്ന ടീമിലും കേരളത്തിലെ മറ്റു താരങ്ങള്‍ എതിര്‍ ടീമിലും അണിനിരക്കും. സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനം തിങ്കള്‍ വൈകിട്ട് അഞ്ചിന് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പകല്‍ മൂന്നിന് കലാജാഥയും തുടര്‍ന്ന് കോര്‍പറേഷന്‍ പരിധിയിലെ കായിക പ്രതിഭകളെ ആദരിക്കുകയും ചെയ്യും. വൈകിട്ട് റാപ്പര്‍ വേടന്‍ അവതരിപ്പിക്കുന്ന സംഗീതനിശയും നടക്കും. നാല് ഏക്കര്‍ ഭൂമിയില്‍ കിഫ്ബിയുടെ 70.56 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്പോര്‍ട്‌സ് കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മൂന്നിനു വൈകീട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഗ്രൗണ്ടിന്റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും അക്വാട്ടിക് കോംപ്ലക്‌സിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജനും പവലിയന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം, മന്ത്രി ഡോ. ആര്‍. ബിന്ദുവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എംഎല്‍എയും ടെന്നീസ് കോര്‍ട്ടിന്റെ ഉദ്ഘാടനം എ.സി. മൊയ്തീന്‍ എംഎല്‍എയും നിര്‍വഹിക്കും. മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ പ്രതിഭകളെ ആദരിക്കും. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷനാകും. കിഫ്ബിയിലൂടെ അനുവദിച്ച 50 കോടി ഉപയോഗിച്ചാണു കോംപ്ലക്‌സിന്റെ നിര്‍മാണത്തിന് കായികമന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ 2018ല്‍ തറക്കല്ലിട്ടത്.






