BusinessKeralaNEWS

ആയുർവേദവും മെഡിക്കൽ ടൂറിസവും കേരളത്തെ ആഗോള ഹബ്ബാക്കും; ആധുനിക വൈദ്യവുമായി സമന്വയിപ്പിക്കാൻ പദ്ധതി: മന്ത്രി പി. രാജീവ്; 2030-ഓടെ മെഡിക്കൽ ടൂറിസത്തിൽ മൂന്നിരട്ടി വളർച്ച നേടും

കൊച്ചി: ടൂറിസം മേഖലയിലെ ആഗോള പ്രശസ്തിക്ക് പിന്നാലെ, ആയുർവേദ ചികിത്സാ രംഗത്തും കേരളത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാൻ സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ്ണ ആരോഗ്യ ടൂറിസം (ഹോളിസ്റ്റിക് വെൽനസ്) കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആയുർവേദ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരും
നിലവിലെ 15,000 കോടി രൂപയിൽ നിന്ന് കേരളത്തിന്റെ ആയുർവേദ സമ്പദ്‌വ്യവസ്ഥ 2031-ഓടെ 60,000 കോടി രൂപയായി വർധിക്കുമെന്ന് സിഐഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ചെയർമാനും ധാത്രി ആയുർവേദ എം.ഡിയുമായ ഡോ. സജികുമാർ അറിയിച്ചു. 2047-ഓടെ ഇത് 5 ലക്ഷം കോടി രൂപയിലെത്താൻ സാധ്യതയുണ്ടെന്നും, ആയുർവേദം സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ആഗോള അംഗീകാരമുള്ള ആരോഗ്യ ശാസ്ത്രമായി വളർന്നു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5.6 ട്രില്യൺ ഡോളറാണ് നിലവിലെ ആഗോള വെൽനസ് സമ്പദ്‌വ്യവസ്ഥയുടെ മൂല്യം.
ആയുർവേദ ചികിത്സാരംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാദവ് ഓൺലൈനിലൂടെ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ആയുർവേദ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 43 ബില്യൺ ഡോളറാണ്. രാജ്യത്തിന്റെ ജിഡിപിയിലേക്ക് ആയുർവേദ മേഖലയുടെ സംഭാവന 2047-ഓടെ 5 ശതമാനമായി ഉയരുമെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച അറിയിച്ചു.

ഗുണനിലവാരത്തിൽ കേരളത്തിന് നേട്ടം

Signature-ad

ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും സംയോജിപ്പിച്ചുള്ള ലോകോത്തര ചികിത്സ നൽകുന്ന ഏക കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടേണ്ടതുണ്ടെന്ന് കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി പി.എം. വാരിയർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്നത് ഇന്ത്യയിൽ കേരളത്തിന് മാത്രമുള്ള നേട്ടമാണെന്നും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എം.ഡി. ഡോ. പി.വി. ലൂയിസ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ളത് ദക്ഷിണേന്ത്യയിലാണെന്ന് സിഐഐയുടെ ദക്ഷിണമേഖല ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണെന്നും തമിഴ്നാട്, കർണ്ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ലോകോത്തര നിലവാരമുള്ള ആശുപത്രികളും സൗകര്യങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ആരോഗ്യപരിപാലനം വേഗത്തിൽ ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും ആരോഗ്യ സേവനങ്ങൾക്കായി ആർക്കും കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ആസ്റ്റർ മെഡിസിറ്റി സിഇഒയും സിഐഐ കേരള ആരോഗ്യസമിതിയുടെ സഹ-കൺവീനറുമായ നളന്ദ ജയദേവ് പറഞ്ഞു. സിഐഐ കേരള ചാപ്റ്റർ, ആയുഷ് മന്ത്രാലയം, കേരള സർക്കാർ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സിഐഐ കേരള ചെയർമാൻ വികെസി റസാഖ് ഉദ്ഘാടന സെഷനിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: