റോം: ആഗോളതലത്തില്‍ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും വൈദികരുടേയും സന്യസ്തരുടേയും എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. വത്തിക്കാനിലെ ഫിദസ് ഏജന്‍സിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. യൂറോപ്പില്‍ വിശ്വാസികളുടെ എണ്ണത്തില്‍ വലിയ രീതിയില്‍ കുറവ് വന്നെങ്കിലും ആഫ്രിക്കയില്‍ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വർധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 97ാമത് മിഷന്‍ ഞായറാഴ്ചയ്ക്ക് മുന്നോടിയാണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളുമായാണ് ഫിദസ് ഏജന്‍സിയുടെ കണക്കുകള്‍. 2020ന്റെ അവസാനത്തെ അപേക്ഷിച്ച് 16.24 മില്യണ്‍ വിശ്വാസികളുടെ വര്‍ധനവുണ്ടായെന്നാണ് കണക്ക് വിശദമാക്കുന്നത്. യൂറോപ്പ് ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വിശ്വാസികളുടെ എണ്ണത്തില്‍ വർധനവുണ്ടായി. ഏറ്റവുമധികം വിശ്വാസികളുടെ വര്‍ധനവുണ്ടായത് അമേരിക്കയിലും ആഫ്രിക്കയിലുമാണെന്നാണ് ഫിദസ് ഏജന്‍സി വിശദമാക്കുന്നത്. എന്നാല്‍ സന്യസ്തരുടേയും വൈദികരുടേയും എണ്ണത്തില്‍ വ്യക്തമായ ഇടിവുണ്ടായെന്നാണ് ഫിദസ് ഏജന്‍സി വ്യക്തമാക്കുന്നത്. ബിഷപ്പുമാരുടെ എണ്ണത്തിലും വ്യക്തമായ കുറവുണ്ടായി. 2347 വൈദികരുടെ കുറവാണ് ഉണ്ടായത്.
ആഗോളതലത്തില്‍ 407872 വൈദികരാണുള്ളത്. വൈദികരുടെ എണ്ണത്തിലുണ്ടായ കുറവ് വൈദിക വിശ്വാസി അനുപാതത്തേയും സാരമായി ബാധിച്ചെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. യൂറോപ്പിലാണ് കന്യാസ്ത്രീകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ ഇടിവുണ്ടായിട്ടുള്ളത്. ആയിരത്തോളം വൈദികരുടെ കുറവാണ് അമേരിക്കയിലുണ്ടായത്. എന്നാല്‍ മാമോദീസ കണക്കുകള്‍ ഫിദസ് ഏജന്‍സി പുറത്തുവിട്ടിട്ടില്ല. കുര്‍ബാനയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ എണ്ണത്തിലും ആഫ്രിക്കയാണ് മുന്നിലുള്ളത്. പതിനായിരത്തിലേറെ കന്യാസ്ത്രീകളുടെ കുറവാണ് സഭയിലുണ്ടായിട്ടുള്ളത്. യൂറോപ്പില്‍ മാത്രം ഇത് 7800ല്‍ അധികമാണ്. സെമിനാരികളുടെ എണ്ണത്തില്‍ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും മേജര്‍ സെമിനാരികളുടെ എണ്ണത്തിലും വന്‍ കുറവാണുണ്ടായത്.
പള്ളികളുടെ മേല്‍ നോട്ടത്തില്‍ 74000 കിന്റര്‍ഗാര്‍ഡനുകളും 101000 പ്രൈമറി സ്കൂളുകളും 50000 സെക്കണ്ടറി സ്കൂളുകളും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ലോകമെമ്പാടുമായി 5405 ആശുപത്രികളും 15276 വയോജന കേന്ദ്രങ്ങളും 9703 അനാഥാലയങ്ങളും സഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണക്കുകള്‍ വിശദമാക്കുന്നു. അനാഥാലയങ്ങളില്‍ ഏറിയ പങ്കും ഏഷ്യയിലാണെന്നും ഫിദസ് ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.