Breaking NewsLead NewsNewsthen SpecialWorld

ലൂവ്രെ മ്യൂസിയത്തിലെ വമ്പന്‍ പകല്‍ക്കൊള്ള കേസ്: പാരീസില്‍ പിടിയിലായ അഞ്ചുപേരില്‍ ഒരാള്‍ കള്ളനെന്ന് സ്ഥിരീകരിച്ചു ; തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെ ; പക്ഷേ മോഷണമുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ്

പാരീസ്: വിഖ്യാതമായ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന പകല്‍ക്കൊള്ള കേസില്‍ അഞ്ചുപേരെ കൂടി പിടികൂടിയതായി റിപ്പോര്‍ട്ട്. രാത്രി വൈകി പാരീസില്‍ നടന്ന സംഭവത്തില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 19-ന് ലൂവ്രെയുടെ അപ്പോളോ ഗാലറി കൊള്ളയടിച്ച നാലംഗ സംഘത്തില്‍പ്പെട്ടയാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കരുതപ്പെടുന്നു.

അറസ്റ്റിലായവരില്‍ ഒരാള്‍ സംശയിക്കപ്പെടുന്ന കള്ളന്മാരില്‍ ഒരാളായി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി പാരീസ് പ്രോസിക്യൂട്ടര്‍ ലോറെ ബെക്യൂ പറഞ്ഞു. ഈ വ്യക്തി ഒരു പ്രധാന ലക്ഷ്യമാണെങ്കിലും, മോഷണം എങ്ങനെയാണ് നടപ്പാക്കിയതെന്ന് മറ്റുള്ളവര്‍ വിശദീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഈ ആഴ്ച ആദ്യം നടന്ന രണ്ട് അറസ്റ്റുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ അറസ്റ്റുകള്‍ നടക്കുന്നത്.

Signature-ad

ഓബര്‍വില്ലിയേഴ്സില്‍ നിന്നുള്ള 34-ഉം 39-ഉം വയസ്സുള്ള രണ്ട് പ്രതികളെ നാല് ദിവസത്തോളം തടവിലിട്ട ശേഷം സംഘടിത മോഷണത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കുറ്റം ചുമത്തിയിരുന്നു. അവര്‍ പരിമിതമായ മൊഴികള്‍ മാത്രമാണ് നല്‍കിയതെങ്കിലും, കവര്‍ച്ചയില്‍ പങ്കെടുത്തതായി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്.

അതേസമയം 102 മില്യണ്‍ ഡോളര്‍ (ഏകദേശം 850 കോടി രൂപ) വിലമതിക്കുന്ന മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നെപ്പോളിയന്‍ ഒന്നാമന്‍ തന്റെ ഭാര്യക്ക് സമ്മാനിച്ച ഒരു മരതകം-വജ്ര നെക്ലേസും, ചക്രവര്‍ത്തിനി യൂജെനിയുടെ ഉടമസ്ഥതയിലുള്ള വജ്രം പതിച്ച ഒരു കിരീടവും ഉള്‍പ്പെടെ എട്ട് വിലമതിക്കാനാവാത്ത രാജകീയ ആഭരണങ്ങളാണ് കള്ളന്മാര്‍ മോഷ്ടിച്ചത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ കൈവശമുള്ളവരോട് അത് തിരികെ നല്‍കാന്‍ പ്രോസിക്യൂട്ടര്‍ ബെക്യൂ വീണ്ടും അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭരണങ്ങള്‍ ഉരുക്കി വില്‍ക്കാന്‍ ശ്രമിച്ചാല്‍ കള്ളന്മാര്‍ക്ക് 120 മില്യണ്‍ ഡോളറിനടുത്ത് ലഭിക്കില്ലെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അവ ഉരുക്കിക്കളയുന്നത് വഴി കള്ളന്മാര്‍ക്ക് ചെറിയ ലാഭം ലഭിക്കുമെങ്കിലും, അവയുടെ പൈതൃകപരവും അപൂര്‍വവുമായ മൂല്യമാണ് യഥാര്‍ത്ഥ വില. അതിനാല്‍ പുനര്‍വില്‍പ്പന തീര്‍ച്ചയായും വളരെ അപകടകരമാണ്. ഈ ആഭരണങ്ങളുടെ ചരിത്രം നന്നായി രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ നിയമപരമായി വില്‍ക്കാന്‍ അസാധ്യമാണെന്ന് പ്രോസിക്യൂട്ടര്‍ ബെക്യൂ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ഏഴു മിനിറ്റുകൊണ്ടായിരുന്നു മോഷണം നടന്നത്. കുറഞ്ഞത് നാല് കള്ളന്മാരെങ്കിലും പകല്‍ വെളിച്ചത്തില്‍ ജനലിലൂടെ അപ്പോളോ ഗാലറിയിലേക്ക് അതിക്രമിച്ചു കയറുന്നതും, ഡിസ്‌പ്ലേ കെയ്‌സുകള്‍ മുറിച്ചു തുറക്കാന്‍ പവര്‍ ടൂളുകള്‍ ഉപയോഗിക്കുന്നതും, രണ്ട് സ്‌കൂട്ടറുകളില്‍ പാരീസിന്റെ കിഴക്കന്‍ ഭാഗത്തേക്ക് രക്ഷപ്പെടുന്നതും സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിരുന്നു. രണ്ട് പേര്‍ക്ക് ഗാലറി ജനലിന് സമീപം എത്താന്‍ സഹായിക്കുന്ന ഒരു ചരക്ക് ലിഫ്‌റ്റോടുകൂടിയ ട്രക്കിലാണ് സംഘം എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അകത്ത് പ്രവേശിച്ച ശേഷം, അവര്‍ രണ്ട് ഡിസ്പ്ലേ കെയ്സുകള്‍ തുറന്ന് എട്ട് അമൂല്യമായ ആഭരണങ്ങള്‍ മോഷ്ടിച്ചു. അലാറം മുഴങ്ങുന്നതിന് മുമ്പ് വെറും നാല് മിനിറ്റിനുള്ളിലാണ് ഇതെല്ലാം നടന്നത്. രക്ഷപ്പെടുന്നതിനിടയില്‍ വജ്രവും മരതകവും പതിച്ച ഒരു കിരീടം താഴെ വീണെങ്കിലും, ലക്ഷ്യമിട്ട ഒമ്പത് ഇനങ്ങളില്‍ എട്ടെണ്ണം കള്ളന്മാര്‍ക്ക് മോഷ്ടിക്കാന്‍ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: