മലപ്പുറം: കരുവാരക്കുണ്ടില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കേത്തലയിലെ റെസ്റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവര്‍മയും ബ്രോസ്റ്റും കഴിച്ചവരാണ് ഛര്‍ദിയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ നാട്ടുകാര്‍ ഹോട്ടലിനു മുന്നില്‍ പ്രതിഷേധിച്ചു.
പത്തുപേരായിരുന്നു ചികിത്സ തേടിയിരുന്നത്. എട്ടുപേര്‍ ഡിസ്ചാര്‍ജായി വീടുകളിലേക്ക് മടങ്ങി. നിലവില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ തുടരുകയാണ്. റെസ്റ്റോറന്റില്‍നിന്ന് വിവിധ സമയങ്ങളിലായി ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സംഭവത്തിനു പിന്നാലെ ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരും പോലീസും റെസ്റ്റോറന്റില്‍ പരിശോധന നടത്തിയ ശേഷം സ്ഥാപനം പൂട്ടിച്ചു. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് മതിയായ രേഖകളില്ലാതെയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കരുവാരകുണ്ടിലെ വിവിധ ബേക്കറികളിലും ഹോട്ടലുകളിലും ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.