ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് 41 നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ച് കാനഡ. 21 പേര്‍ ഒഴിച്ചുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതോടെയാണ് വെള്ളിയാഴ്ചയോടെ 41 പേരും കുടുംബവും ഇന്ത്യ വിട്ടത്. ഇന്ത്യയില്‍ നിന്നും സുരക്ഷിതമായി തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കിയെന്ന് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതിനു പിന്നാലെ ഇന്ത്യയും കാഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ഇന്ത്യയില്‍ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുണ്ടായിരുന്നത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യകാനഡ ബന്ധം വഷളായി. കാനഡക്കാര്‍ക്ക് ഇന്ത്യ വീസ നല്‍കുന്നത് സെപ്റ്റംബര്‍ 18 മുതല്‍ നിരോധിച്ചിരുന്നു.
ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള അനൗദ്യോഗിക ചര്‍ച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.