FeatureNEWS

വൈവിധ്യങ്ങളുടെ നവരാത്രി കാലം

രു നവരാത്രിക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്.
ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം.എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ചതിന്‍റെ സന്തോഷ സൂചകമാണ് നവരാത്രി.

ആരാധനയുടേയും കലകളുടെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. പ്രധാനമായും സെപ്റ്റംബർ‌-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ദേവി ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു.

 നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു.
കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. നവരാത്രി ഭഗവതി പൂജയ്ക്ക് പേരുകേട്ട ദിവസങ്ങളായി കണക്കാക്കപ്പെടുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ക്ഷേത്രങ്ങളിലും ഉത്സവം, പൊങ്കാല, പൂരം, ദേവി ഭാഗവത നവാഹ യജ്ഞം, ഐശ്വര്യപൂജ തുടങ്ങിയവ നടക്കും.
കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാ‍ണ് നവരാത്രി ആഘോഷം. സ്ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല്‍ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം ,നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
നോട്ട്:യുനെസ്കോയുടെ  സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയിൽ അടുത്തിടെ ഉൾപ്പെടുത്തിയ ഇന്ത്യൻ മതപരമായ ഉത്സവവും ദുർഗ്ഗാ പൂജയാണ്.

Back to top button
error: