തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. നേതാവ് ഡോ. പ്രിന്‍സി കുര്യാക്കോസിനെ പി.എസ്.സി. അംഗമായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഗവര്‍ണര്‍ക്ക് പരാതി. ശ്രീ ശങ്കരാചാര്യരെക്കുറിച്ച് തെറ്റായ പരാമര്‍ശവും ഗുരുതര പിശകുകളുമുള്ള പ്രബന്ധം തയ്യാറാക്കി പ്രിന്‍സി ഗവേഷണബിരുദം നേടിയത് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണെന്നാണ് ആക്ഷേപം.
പ്രിന്‍സിയെ പി.എസ്.സി. അംഗമായി നിയമിക്കാനുള്ള ശുപാര്‍ശ അംഗീകരിക്കരുതൊവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ന് കമ്മിറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതിനല്‍കി. ‘ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളെക്കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തില്‍ 2018-ലാണ് പ്രിന്‍സി ഗവേഷണബിരുദം നേടിയത്. കാലടി സര്‍വകലാശാല മുന്‍ വി.സി. ഡോ. ധര്‍മരാജ് അടാട്ടിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.
എട്ട്-ഒമ്പത് നൂറ്റാണ്ടുകളില്‍ ജീവിച്ചെന്ന് കരുതുന്ന ശങ്കരാചാര്യര്‍ പ്രിന്‍സിയുടെ ഗവേഷണ പ്രബന്ധത്തില്‍ ’18-19 നൂറ്റാണ്ടുകളില്‍’ എന്നു തെറ്റായി രേഖപ്പെടുത്തിയെന്നും വിചിത്രവും തെറ്റിദ്ധാരണാജനകവുമാണ് ഈ വാദമെന്നുമാണ് പരാതി. അയിത്തം നിലവില്‍ വന്നത് 19-ാം നൂറ്റാണ്ടിലാണെന്നും ഗവേഷക എഴുതിവെച്ചു.
അബദ്ധജടിലമായ ഇംഗ്ലീഷ് പ്രയോഗം, അക്ഷരത്തെറ്റുകള്‍, വ്യാകരണപ്പിശക് എന്നിവയും പ്രബന്ധത്തിലുണ്ട്. പിശകുകള്‍ ഓപ്പണ്‍ ഡിഫന്‍സില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടിയിട്ടും അതിനെ അവഗണിച്ച് പ്രബന്ധത്തിന് പിഎച്ച്.ഡി. നല്കാന് അന്നത്തെ വി.സി. ശുപാര്‍ശ ചെയ്തെന്നും പരാതിയില്‍ കുറ്റപ്പെടുത്തി.
ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ മുന്‍ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമാണ് പ്രിന്‍സി. പി.എസ്.സിയിലേത് രാഷ്ട്രീയനിയമനമാക്കി മാറ്റുകയാണ് സര്‍ക്കാരെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും കണ്‍വീനര്‍ എം. ഷാജര്‍ഖാനും ആരോപിച്ചു.