നിലവിൽ കല്‍പറ്റ പ്രിൻസിപ്പല്‍ ജില്ല ജഡ്‌ജിയായി സേവനമനുഷ്ഠിക്കുന്ന പത്തനംതിട്ട റാന്നി മണിമലേത്ത് വീട്ടില്‍ പരേതനായ എം.ഒ. ജോണിന്‍റെ മകൻ ജോണ്‍സണ്‍ ജോണാണ് പുതിയ ഹൈക്കോടതി ജഡ്ജിമാരിൽ ഒരാൾ.
1995ല്‍ മാനന്തവാടി മുൻസിഫ് -മജിസ്ട്രേറ്റായി ജുഡീഷ്യല്‍ സര്‍വിസില്‍ പ്രവേശിച്ച ഇദ്ദേഹം തിരുവനന്തപുരം അഡീ. ജില്ല ജഡ്‌ജി, കോട്ടയം എം.എ.സി.ടി കോടതി ജഡ്ജി, കോട്ടയം അഡീ. ജില്ല ജഡ്‌ജി, സൂര്യനെല്ലി വിചാരണക്കോടതിയില്‍ അഡീ. ജില്ല ജഡ്‌ജി, കോട്ടയം അഡീ. ജില്ല ജഡ്‌ജി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ഏലിയാമ്മ കുരുവിള (റാന്നി സെന്‍റ് തോമസ് കോളജിലെ മുൻ പ്രഫസര്‍). മക്കള്‍: ജോണു ജോണ്‍സണ്‍, ജോയല്‍ ജോണ്‍സണ്‍ (ഇരുവരും കാനഡ)
എം.ബി. സ്നേഹലത, ജോണ്‍സണ്‍ ജോണ്‍, ജി. ഗിരീഷ്, സി. പ്രദീപ് കുമാര്‍, പി. കൃഷ്ണകുമാര്‍ എന്നിവരെ ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയമാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്.
മാര്‍ച്ച് 20ന് നല്‍കിയ ശിപാര്‍ശ കേരള ഗവര്‍ണറും മുഖ്യമന്ത്രിയും അംഗീകരിക്കുകയായിരുന്നു.