തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ അല്‍പശി ഉത്സവം കൊടിയേറ്റിനുള്ള കൊടിക്കയര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ക്ഷേത്രം ഭാരവാഹികള്‍ ഏറ്റുവാങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് അല്‍ഷാനില്‍നിന്ന് ക്ഷേത്രം മാനേജര്‍ ബി ശ്രീകുമാര്‍ ആണ് കൊടിക്കയര്‍ ഏറ്റുവാങ്ങിയത്. വര്‍ഷങ്ങളായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ് കൊടിക്കയര്‍ തയ്യാറാക്കുന്നത്.
ഒരുമാസത്തോളം വ്രതമെടുത്താണ് തടവുകാര്‍ കൊടിക്കയര്‍ നിര്‍മിക്കുന്നത്. നൂലുകൊണ്ട് കയര്‍ പിരിച്ചെടുത്താണ് കൊടിയേറ്റിന് ഉപയോഗിക്കുന്ന കയര്‍ നിര്‍മാണം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ഏറ്റുവാങ്ങിയ കയര്‍ ശുദ്ധിക്രിയകള്‍ക്കുശേഷം കൊടിയേറ്റിന് ഉപയോഗിക്കുന്ന പൂജിച്ച കൊടിയും കൊടിക്കയറും പെരിയ നമ്പിയും പഞ്ചഗവ്യത്ത് നമ്പിയും ചേര്‍ന്ന് ക്ഷേത്ര തന്ത്രിക്ക് കൈമാറും.
ഈ മാസം 14ന് രാവിലെ എട്ടരയ്ക്കും ഒന്‍പതരയ്ക്കും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ അല്‍പശി ഉത്സവത്തിന് തുടക്കമാകും. 21നാണ് വലിയ കാണിക്കയ്ക്ക. 22ന് പള്ളിവേട്ട നടക്കും. 23ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി ഈ വര്‍ഷത്തെ അല്‍പശി ഉത്സവത്തിന് സമാപനമാകും. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ആറാട്ട് ഷോഘയാത്രയെ അനുഗമിക്കുന്ന ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍നിന്ന് പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.