കൊച്ചി: കേസുകള്‍ നടത്താന്‍ പണമില്ലാതെ കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നട്ടംതിരിയുന്നു. സമരം നടത്തിയതിന്റെ പേരിലുംമറ്റും ചാര്‍ജ് ചെയ്തിട്ടുള്ള പാര്‍ട്ടികേസുകളാണ് എല്ലാം. അഭിഭാഷകനെ ചുമതലപ്പെടുത്താനും ചില കേസുകള്‍ പിഴ അടച്ച് ഒഴിവാകാനുമെല്ലാം വഴിയില്ലാതെ ജില്ലകളിലെ നേതാക്കള്‍ വലയുകയാണ്. ഇക്കാരണത്താല്‍ പാര്‍ട്ടി പുതിയ സമരപരിപാടികള്‍ ആഹ്വാനംചെയ്യുന്നത് ആശങ്കയോടെയാണ് അവര്‍ കാണുന്നത്. പ്രക്ഷോഭം നടത്തിയാല്‍ സ്ഥിരമായി കേസുകളില്‍പ്പെടുന്ന സംസ്ഥാന നേതാക്കളാണ് ഏറ്റവും വലിയ പ്രതിസന്ധിനേരിടുന്നത്.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി നൂറിലധികം കേസുകള്‍ ഉള്ളവര്‍വരെയുണ്ട്. സമയമെല്ലാം കേസിനായി മാറ്റിവെക്കേണ്ടിവരുന്നെന്നതും അവരെ പ്രതിസന്ധിയിലാക്കുന്നു. കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ ഇക്കാര്യം യൂത്ത് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അന്ന് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. പാര്‍ട്ടിയുടെ അഭിഭാഷകസംഘടനയുടെ നേതാക്കളെ എല്ലാ ജില്ലകളിലും ഇതിനായി നിയോഗിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു.
അതിനുശേഷവും യുവനേതാക്കള്‍ സമരങ്ങളില്‍ പങ്കെടുത്ത് ധാരാളം കേസുകളില്‍ പ്രതിയായി. പാര്‍ട്ടി ചുമതലപ്പെടുത്തിയതായി പറയുന്ന അഭിഭാഷകരെ ബന്ധപ്പെട്ടാലും അനുകൂലമായ പ്രതികരണമില്ലെന്നാണ് പരാതി. നേതാക്കള്‍ സ്വന്തംനിലയില്‍ത്തന്നെ കേസുകളും മറ്റും നടത്തിക്കൊണ്ടുപോവുകയാണ്. ഇത് അവരുടെ കുടുംബങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ പറഞ്ഞു. ഒട്ടേറെ കേസുകള്‍ തന്റെ പേരില്‍ത്തന്നെയുണ്ടെന്നും പറഞ്ഞു.