CrimeNEWS

നിയമന തട്ടിപ്പില്‍ പണമിടപാടിന് തെളിവ്; അഖില്‍ സജീവിനേയും ലെനിന്‍ രാജിനേയും പ്രതി ചേര്‍ത്തു

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസില്‍ അഖില്‍ സജീവിനേയും ലെനിന്‍ രാജിനേയും പ്രതി ചേര്‍ത്ത് കന്റോണ്‍മെന്റ് പോലീസ്. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവിന്റെ പരാതിയിലാണ് നടപടി.

ഇവര്‍ രണ്ട് പേരും തട്ടിപ്പിന് നേതൃത്വം നല്‍കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പരാതിക്കാരനായിരുന്ന മലപ്പുറം സ്വദേശി ഹരിദാസ്, ഇയാളുടെ സുഹൃത്ത് മുഹമ്മദ് അബ്ദുള്‍ ബാസിത് എന്നിവരുടെ മൊഴിയാണ് വിഷയവുമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തിയത്. ആയുഷ് മിഷനില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ളയാളും സുഹൃത്തും ചേര്‍ന്ന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം. എന്നാല്‍, അഖില്‍ മാത്യുവിന് ഹരിദാസ് പണം നല്‍കിയതായി ഇതുവരെ സ്ഥിരീകരണമില്ല.

Signature-ad

അതേസമയം, അഖില്‍ സജീവിന് 20,000 രൂപ നല്‍കിയതായും ലെനിന്‍ രാജിന് 50,000 രൂപ നല്‍കിയതായും രേഖകളുണ്ട്. ഇത്തരത്തില്‍ പണമിടപാട് നടന്നത് ഒരു തെളിവായി സ്വീകരിച്ചുകൊണ്ടാണ് പോലീസ് നടപടി. ചൊവ്വാഴ്ച കോടതിയില്‍ ഇവരെ പ്രതി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിക്കും.

 

 

Back to top button
error: