പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം, കുഴൽനാടനൊപ്പമുണ്ടായിരുന്നത് പുറത്താക്കിയ സ്റ്റാഫ്!! നിയമ നടപടി സ്വീകരിക്കും- ആരോപണങ്ങൾ തള്ളി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: 2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. മാത്യു കുഴൽനാടനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതിനേക്കുറിച്ചും പെരിങ്ങൽക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിൽ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് കൃഷ്ണൻകുട്ടി ഒരു പാർട്ടി നേതാവിനോട് പറയുന്ന ശബ്ദരേഖ കുഴൽനാടൻ ഇന്ന് വാർത്താസമ്മേളനത്തിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശബ്ദ സന്ദേശം എഐ ആണോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി മന്ത്രി രംഗത്തെത്തിയത്.
മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം- കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു കുഴൽനാടനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ എന്ന ചോദ്യത്തിന്, അയാൾ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ. അയാൾ ഇപ്പോൾ പാർട്ടിയിൽ ഇല്ല. പുറത്താക്കിയതാണ്. അനാവശ്യമായ കാര്യങ്ങൾ ഉന്നയിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. എതിർഗ്രൂപ്പിൽ പോയി. അപ്പോൾപിന്നെ പുറത്താക്കാതെ വയ്യല്ലോയെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
അതുപോലെ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് മന്ത്രിസഭാ തീരുമാനങ്ങളിൽ യാതൊരു പാളിച്ചയുമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് ചീത്തപ്പേരുണ്ടാക്കാനുള്ള ശ്രമമാണ് കുഴൽനാടന്റേതെന്നും കൃഷ്ണൻകുട്ടി ആരോപിച്ചു.






