കരവേ ഗ്രാമത്തിൽ താമസിക്കുന്ന മണി തോമസ് തന്റെ രണ്ടാം ഭാര്യക്ക് കുട്ടികളില്ലെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് പ്രതിയെ കണ്ടെത്തിയതെന്നും നെരൂൾ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ താനാജി ഭഗത് പറഞ്ഞു.
നെരൂൾ റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള ചേരിയിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. വടാപാവ് നൽകി കുട്ടികളെ പ്രലോഭിപ്പിച്ച് ഒപ്പം കൂട്ടിയശേഷം ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത് പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു. മാതാപിതാക്കൾ മടങ്ങിയെത്തി പെൺകുട്ടിയെ തിരക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്. തുടർന്ന് സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താനാകാത്തതോടെ പൊലീസിൽ പരാതി നൽകി. പ്രദേശത്തെ 150 സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കരാവേ ഗ്രാമത്തിൽ കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിൽ സമാനമായ എന്തെങ്കിലും കേസുകൾ നടന്നിട്ടുണ്ടോയെന്നും മനുഷ്യ കടത്ത് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നാൽപത് വർഷം മുമ്പാണ് മണി തോമസ് ജോലി തേടി മുംബൈയിലെത്തുന്നത്. ആദ്യ വിവാഹത്തിൽ രണ്ട് ആൺമക്കളുണ്ട്. ആദ്യ ഭാര്യയുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും കുട്ടികളില്ല. രണ്ടാം ഭാര്യക്ക് വേണ്ടിയാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് മണിതോമസ് പൊലീസിനോട് പറഞ്ഞത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.