കോഴിക്കോട്: വീട്ടുപറമ്പില്‍ കെട്ടിയിട്ട പോത്തിന്റെ വാല്‍ സാമൂഹിക വിരുദ്ധര്‍ അറുത്തുമാറ്റി. താമരശേരി കട്ടിപ്പാറ ചമലിലെ കര്‍ഷകന്‍ കെ.ടി ജോസഫിന്റെ പോത്തിനോടാണ് കൊടുംക്രൂരത. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലര്‍ച്ചെയ്ക്കുമിടയിലാണ് പോത്തിന്റെ വാല്‍ മുറിച്ചുമാറ്റിയത്. ജോസഫിന്റെ പരാതിയില്‍ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശനിയാഴ്ച ചിലര്‍ പോത്തിനെ വാങ്ങാന്‍ എത്തിയിരുന്നു. വിലയില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് കച്ചവടം നടന്നില്ല. പോത്തിനെ വാങ്ങാന്‍ എത്തിയവരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് സംശയിക്കുന്നതായി ജോസഫ് നല്‍കിയ പരാതിയില്‍ പറയുന്നു. വെട്ടിഒഴിഞ്ഞതോട്ടം സ്വദേശിയുള്‍പ്പെടെ മൂന്നുപേരാണ് രണ്ടുവയസുള്ള പോത്തിനെ വാങ്ങാനായി വന്നിരുന്നത്. പ്രതീക്ഷിച്ച വില ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ മടക്കി അയച്ചത്. പിന്നീട് ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും മതിയായ വില ലഭിക്കാതെ വില്‍ക്കില്ലെന്നാണ് അറിയിച്ചത്. പിറ്റേന്ന് പുലര്‍ച്ചെ പോത്തിനെ വാല്‍ വെട്ടിമാറ്റി ചോരയൊലിക്കുന്ന നിലയില്‍ പറമ്പില്‍ കാണുകയായിരുന്നെന്ന് ജോസഫ് പറഞ്ഞു.
അറുത്തു മാറ്റിയ വാലിന്റെ ഭാഗവും പറമ്പില്‍ തന്നെ ഉണ്ടായിരുന്നു. പോത്തിന്റെ ശരീരത്തില്‍ മറ്റു പരിക്കുകളില്ല. ഇതിനാല്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിലല്ല വാല്‍ മുറിഞ്ഞതെന്ന് വ്യക്തമാണ്. രാത്രിയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇതിനാലാകും പോത്ത് കരയുന്ന ശബ്ദം കേള്‍ക്കാതെ പോയതെന്നും ജോസഫ് പറഞ്ഞു. താമരശേരിയില്‍ നിന്ന് വെറ്ററിനറി ഡോക്ടറെത്തി പോത്തിനെ പരിശോധിച്ചു. പ്രതിരോധകുത്തിവയ്പ്പ് ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയിട്ടുണ്ട്.