ന്യൂഡല്‍ഹി: തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി. സാധാരണയില്‍ (സെപ്റ്റംബര്‍ 17) നിന്ന് 8 ദിവസം വൈകിയാണ് ഇത്തവണ പിന്‍വാങ്ങല്‍ ആരംഭിച്ചത്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ രൂപപ്പെട്ട അതിമര്‍ദ മേഖല, കഴിഞ്ഞ 5 ദിവസമായി തുടരുന്ന വരണ്ട അന്തരീക്ഷ സ്ഥിതി, ഉപഗ്രഹം ചിത്രങ്ങള്‍ നല്‍കുന്ന വരണ്ട അന്തരീക്ഷ സ്ഥിതി എന്നീ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചത്.
കേരളത്തില്‍ ഇനിയുള്ള ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ബുധനാഴ്ച മുതല്‍ വീണ്ടും മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.