IndiaNEWS

മധ്യപ്രദേശില്‍ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി; 3 കേന്ദ്രമന്ത്രിമാരും മത്സരരംഗത്ത്

ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി ബിജെപി. 39 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

രണ്ടാം ഘട്ടപട്ടികയില്‍ മൂന്ന് കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, ഫഗ്ഗന്‍ സിംഗ് കുലസ്‌തെ എന്നീ കേന്ദ്ര മന്ത്രിമാരുടെ പേരാണ് പട്ടികയിലുള്ളത്. അതിന് പുറമെ, എംപിമാരും ദേശീയ നേതാക്കളും പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. ഇതോടെ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

നരേന്ദ്ര സിങ് തോമര്‍ ഡിമാനി മണ്ഡലത്തില്‍ നിന്നും പ്രഹ്ലാദ് സിങ് പട്ടേല്‍ നരസിംഗപുര്‍ മണ്ഡലത്തില്‍ നിന്നും ഫഗ്ഗന്‍ സിംഗ് കുലസ്‌തെ നിവാസ് മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്. മന്ത്രിമാര്‍ക്ക് പുറമെ, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയെയും ഇന്‍ഡോര്‍-1 സീറ്റില്‍ നിന്ന് മത്സരിക്കുന്നുണ്ട്.

ഓഗസ്റ്റില്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇതാദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിക്കുന്നത്.

മധ്യപ്രദേശില്‍ 230 അംഗസഭയിലെ ഒന്നാം ഘട്ടത്തിലും 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഛത്തീസ്ഗഡില്‍ 90 അംഗ അസംബ്ലിയില്‍ 21 സ്ഥാനാര്‍ത്ഥികളുടെ പേരാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബിജെപിക്ക് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാനാണ് ഈ നീക്കമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യ പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് ജനവിധി തേടുന്ന മറ്റ് സംസ്ഥാനങ്ങള്‍.

Back to top button
error: