IndiaNEWS

പാര്‍ട്ടി ആസ്ഥാനത്ത് മോദിയെ ഹാരമണിയിച്ച് സ്ത്രീകള്‍; ഉജ്ജ്വല സ്വീകരണം

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി ആസ്ഥാനത്ത് സ്വീകരണമൊരുക്കി നേതാക്കളും അണികളും. ബിജെപി ആസ്ഥാനത്തെത്തിയ മോദിക്ക് വനിതാ പ്രവര്‍ത്തകര്‍ ഹാരമണിയിച്ചു. ഹര്‍ഷാരവങ്ങളോടെയാണ് അണികള്‍ മോദിയെ സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു. പാര്‍ലമെന്റ് ചരിത്രം കുറിച്ചുവെന്ന് മോദി പറഞ്ഞു. ഓരോ സ്ത്രീയുടെയും ആത്മവിശ്വാസം വാനോളം ഉയര്‍ത്താനായി. ബിജെപിക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്നും മോദി പറഞ്ഞു. ഇന്നലെ വനിതാ എംപിമാരും മോദിക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ വനിതാ സംവരണ ബില്ല് ഉടന്‍ രാഷ്ട്രപതിക്കയക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയില്‍ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് അയക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബില്ലില്‍ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. അതേസമയം, വനിത വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Signature-ad

രാജ്യസഭയില്‍ 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. എന്നാല്‍ ആരും എതിര്‍ത്തില്ല. കഴിഞ്ഞ ദിവസം ബില്ല് ലോക്‌സഭയിലും പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ നേടാനായെന്നും ചര്‍ച്ചക്കിടെ മോ?ദി പറഞ്ഞു. ബില്‍ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാര്‍ക്ക് മോദി നന്ദി അറിയിച്ചു.

ബില്ലുമായി ബന്ധപ്പെട്ടുള്ള ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ എന്നിവരുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളുകയായിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിര്‍ദ്ദേശമാണ് തള്ളിയത്. അതേസമയം, പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയതായാണ് റിപ്പോര്‍ട്ട്. ഒരു ദിവസം മുമ്പേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

Back to top button
error: