ഒരു പരിചരണവും കൂടാതെ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു വിളയാണ് സലാഡ് വെള്ളരി അഥവാ കക്കിരി.കാപ്പി മരത്തിൽ പോലും ഇത് പടർന്നു കയറിക്കോളും.
സലാഡില്‍ ഉപയോഗിക്കാനും വെറുതെ കറുമുറെ കടിച്ചു തിന്നാനും യോജിച്ച ഈ പച്ചക്കറിയിൽ 96.3 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഏറ്റവും യോഗ്യമായ പച്ചക്കറിയാണിത്. 2.7 ശതമാനം കാര്‍ബോഹൈഡ്രേറ്റും 0.4 ശതമാനം പ്രോട്ടീനും വിറ്റാമിന്‍ ബിയും ഇതില്‍ അടങ്ങിയിരിക്കുന്നു.
രണ്ടുതരത്തിലാണ് സലാഡ് വെള്ളരി സാധാരണ കാണുന്നത്. വൈനിങ്ങ് കുക്കുമ്പര്‍ എന്നറിയപ്പെടുന്ന ഇനത്തിന് വലിയ ഇലകളുണ്ടാകും. വളരെ വേഗത്തില്‍ വളരും. മതിലരികിലും വേലികളിലും പടര്‍ന്ന് വളരുകയും വളരെ എളുപ്പത്തില്‍ പറിച്ചെടുക്കാന്‍ കഴിയുകയും ചെയ്യും.
ബുഷ് കുക്കുമ്പര്‍ എന്നറിയപ്പെടുന്ന ഇനമാണ് അടുത്തത്. ഇതാണ് വീടുകളില്‍ സാധാരണയായി വളര്‍ത്തിക്കാണുന്നത്. ആറുമാസത്തിനുള്ളില്‍ വിളവെടുക്കാം.വിത്തുകള്‍ തലേദിവസം സ്യൂഡോമോണസ് ലായനിയില്‍ ഇട്ടുവെച്ചാല്‍ പെട്ടെന്ന് മുളപ്പിക്കാം. മൂന്നോ നാലോ ദിവസം കൊണ്ട് മാറ്റിനടാം.
വെള്ളരി കൃഷി തികച്ചും കേരള ജൈവ രീതിയിൽ ചെയ്യാവുന്ന ഒന്നാണ്.മിതമായ ചൂടുള്ള കാലാവസ്ഥയാണ് നല്ലത്. 40 ഡിഗ്രി സെല്‍ഷ്യസാണ് പരമാവധി താപനില.അതിനാൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണിത്.
വെള്ളരിക്ക , കക്കിരിക്ക, തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സലാഡ് വെള്ളരി പോഷക സമ്പുഷ്‌ടവും ധാരാളം ഗുണമേറിയതുമാണ്.സലാഡ് വെള്ളരികൊണ്ട് സലാഡ് മാത്രമല്ല രുചിയുള്ള ജ്യൂസും തയ്യാറാക്കാം.മലബന്ധത്തിന് ഒന്നാംതരം മരുന്നാണിത്.
മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ കൃഷി ചെയ്യാൻ അനുയോജ്യമായ വിളയാണ് വെള്ളരി.