തൃശൂര്‍: കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡ് നീണ്ടത് 25 മണിക്കൂറിലധികം സമയം. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ്, ഇന്നു രാവിലെ എട്ടരയോടെയാണ് പൂര്‍ത്തിയായത്. അയ്യന്തോള്‍, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കുകളടക്കം എട്ടിടത്താണ് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തിയത്. കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കും കുരിയച്ചിറയിലെ ജ്വല്ലറിയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പരിശോധന സിആര്‍പിഎഫ് കാവലില്‍ രാത്രി വൈകിയും തുടര്‍ന്നു.
സമാഹരിച്ച തെളിവുകള്‍ ആവര്‍ത്തിച്ചുറപ്പിക്കാനാണു പരിശോധനയെന്നു സൂചനയുണ്ട്. കരുവന്നൂര്‍ കള്ളപ്പണക്കേസിലെ ബെനാമി ഇടപാടുകളില്‍ ആരോപണം നേരിടുന്ന മുന്‍മന്ത്രി എ.സി.മൊയ്തീനെ ഇന്നു ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ഇ.ഡി ചോദ്യം ചെയ്യും. ബാങ്കിന്റെ മുന്‍ സെക്രട്ടറി ടി.ആര്‍.സുനില്‍കുമാര്‍ ഹാജരായി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സതീഷ് കുമാറിന്റെ അക്കൗണ്ടുകളിലൂടെ പലര്‍ ചേര്‍ന്ന് 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടത്തിയതായി ഇ.ഡിക്ക് സൂചനയുണ്ട്. സതീഷ് ബെനാമി മാത്രമാണെന്നും പല വഴികളിലൂടെ ഇയാളുടെ അക്കൗണ്ടുകളിലേക്കു പണം കുമിഞ്ഞുകൂടിയെന്നുമാണു വ്യക്തമായത്.
വിദേശ അക്കൗണ്ടുകളില്‍നിന്നു വെളുപ്പിക്കാനെത്തിയ കള്ളപ്പണത്തിനു പുറമേ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കൈക്കൂലിപ്പണവും വന്‍കിട അനധികൃത ഇടപാടുകളിലൂടെ ചിലര്‍ സ്വന്തമാക്കിയ പണവും സതീഷിന്റെ കൈവശമെത്തി. ഇതു സതീഷ് കാഷ് ഡിപ്പോസിറ്റായി പല ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. സഹകരണ ബാങ്കിലൂടെ വെളുപ്പിച്ചെടുത്ത് മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്കു മാറ്റിനല്‍കി. കൊടുങ്ങല്ലൂര്‍ മേഖലയിലെ ഒരു സഹകരണ ബാങ്കില്‍ സതീഷിന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചതായി സൂചനയുണ്ട്.