
ദില്ലി: വ്യോമസേനയ്ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻകിട കരാറിന് പിന്നാലെ, നാവികസേനയ്ക്കായി റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടു്നനുവെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ‘ലാ ട്രിബ്യൂൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനവാഹിനികളിൽ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 31 റഫാൽ എം വിമാനങ്ങളാകും ഇന്ത്യ വാങ്ങുകയെന്നാണ് റപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിയിലാകും ഇവ വിന്യസിക്കുക. കൂടാതെ, ഐ.എൻ.എസ്. വിക്രമാദിത്യയിലും ഇവ ഉപയോഗിച്ചേക്കാം.
നേരത്തെ 26 റഫാൽ എം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി 2025ൽ കരാർ ഒപ്പിട്ടിരുന്നു. ഇത് പുറമേയാകും 31 എണ്ണം കൂടി വാങ്ങാനാണ് റിപ്പോർട്ടുകൾ. ഇവകൂടി സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പക്കലുണ്ടാകുന്ന റഫാൽ വിമാനങ്ങളുടെ എണ്ണം 145 ആയി ഉയരും. കരാർ നടപ്പിലായാൽ ഫ്രാൻസിനേക്കാൾ കൂടുതൽ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും. ഫ്രാൻസിൻ്റെ പക്കൽ 41 റഫാൽ എം വിമാനങ്ങളാണ് ഉള്ളത്. 2025 ലെ കരാർ പ്രകാരമുള്ള റഫാലുകൾക്ക് പുറമെ 31 എണ്ണം കൂടി വാങ്ങുകയാണെങ്കിൽ ഇന്ത്യയുടെ പക്കൽ 57 റഫാൽ എം യുദ്ധവിമാനങ്ങളുണ്ടാകും.
വ്യോമസേനയ്ക്കുള്ള 114 വിമാനങ്ങൾ-റോൾ എയർക്രാഫ്റ്റ് പദ്ധതിക്ക് കീഴിൽ 114 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശത്തിന് സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതിൽ 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തുമ്പോൾ, ബാക്കിയുള്ളവ ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഇതിൽ 50 കൂടുതൽ തദ്ദേശീയ സാങ്കേതികവിദ്യ ഉൾപ്പെടുത്തുമെന്നത് ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വലിയ കരുത്താകും.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കങ്ങൾ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നാവിക സേനയ്ക്കായ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച സ്ഥിരീകരണം കേന്ദ്ര സർക്കാർ ഇതുവരെ നൽകിയിട്ടില്ല. എന്നിരുന്നാലും ഇന്ത്യ-ഫ്രൻസ് പ്രതിരോധ ബന്ധം കൂടുതൽ ആഴത്തിലാവുകയാണെന്നതിന്റെ സൂചനയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവും പുതു കരാറുകളും.






