CrimeNEWS

വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; സഹോദരങ്ങള്‍ അറസ്റ്റില്‍

ഇടുക്കി: 150 പേരെ ചേര്‍ത്ത് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാരായ യുവാക്കളെ തങ്കമണി പോലീസ് അറസ്റ്റുചെയ്തു. ശാന്തിഗ്രാമില്‍ ഗാലക്സി ഗ്യാസ് ഏജന്‍സി നടത്തുന്ന കട്ടപ്പന പള്ളിക്കവല കറുകച്ചേരില്‍ ജെറിന്‍(36), ജെബിന്‍(25) എന്നിവരാണ് അറസ്റ്റിലായത്. യുവതി ഏപ്രില്‍ 14-ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ജെറിന് യുവതിയോടുണ്ടായ വ്യക്തിവിരോധമാണ് സംഭവത്തിനാധാരമെന്ന് പോലീസ് പറയുന്നു.

ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നിവിടങ്ങളിലെ നൂറ്റമ്പതോളം ആളുകളെ ചേര്‍ത്താണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. യുവതിയുടെ രൂപമാറ്റം വരുത്തിയ അശ്ലീലചിത്രം പ്രചരിപ്പിച്ചശേഷം ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഗ്യാസ് ഏജന്‍സി ജീവനക്കാരനായിരുന്ന നാഗാലാന്‍ഡ് സ്വദേശി ആല്‍ബര്‍ട്ടിന്റെ സിംകാര്‍ഡ് ഉപയോഗിച്ചാണ് സഹോദരന്‍മാര്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതും. ഇതിനായി സെക്കന്‍ഡ്ഹാന്‍ഡ് ഫോണും വാങ്ങി.

യുവതി പരാതി നല്കിയതോടെ ഇവര്‍ ആല്‍ബര്‍ട്ടിന് പണം നല്കി നാഗാലാന്‍ഡിലേക്ക് തിരികെ അയച്ചു. തുടര്‍ന്ന് സഹോദരന്‍മാര്‍ വേളാങ്കണ്ണിയിലെത്തി മൊബൈല്‍ ഫോണും സിം കാര്‍ഡും നശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സിം കാര്‍ഡിന്റെ ഉടമയെ കണ്ടെത്താനായില്ല. ദീര്‍ഘമായ അന്വേണത്തിനൊടുവില്‍ അസം സ്വദേശിനിയുടേതാണ് സിം എന്ന് കണ്ടെത്തി.

തങ്കമണി പോലീസ് അസമിലെത്തി അന്വേഷണം നടത്തി. എന്നാല്‍, സിം കാര്‍ഡിന്റെ ഉടമയായ സ്ത്രീ മരിച്ചുപോയതായും തുടര്‍ന്ന് സിംകാര്‍ഡ് മറ്റൊരാള്‍ക്ക് നല്കിയതായും കണ്ടെത്തി. സിം കാര്‍ഡ് ഉപയോഗിച്ച ആല്‍ബര്‍ട്ട് എന്നയാള്‍ നാഗാലാന്‍ഡിലാണെന്നറിഞ്ഞ പോലീസ് സംഘം അവിടെയെത്തി ആളെ കണ്ടെത്തുകയായിരുന്നു. എന്നാല്‍, സിം കാര്‍ഡ് തന്റെ കൈവശമില്ലെന്നും താന്‍ ജോലിചെയ്ത കേരളത്തിലെ ഗ്യാസ് ഏജന്‍സി ഉടമകള്‍ അത് വാങ്ങിയെന്നും ആല്‍ബര്‍ട്ട് പറഞ്ഞു.

പോലീസ് സംഘം ആല്‍ബര്‍ട്ടുമായി തിരികെയെത്തി. നെടുങ്കണ്ടം മജിസ്‌ട്രേറ്റ് മുമ്പാകെ ഇയാളെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ആല്‍ബര്‍ട്ട് പിടിയിലായതറിഞ്ഞ് ഒളിവില്‍പോയ ജെറിനും ജെബിനും ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. തുടര്‍ന്ന് ബെംഗളൂരുവിലെത്തിയാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും റിമാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല.

ജെറിന്‍ വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണ്. ജെബിന്‍ ബെംഗളൂരുവില്‍ വിദ്യാര്‍ഥിയാണ്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: