ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം

ഡൽഹി:-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കരാറിൽ പറയുന്ന ഡിഡിജി എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നും ഇന്ത്യൻ കന്നുകാലികൾക്ക് ജിഎം അമേരിക്കന്‍ ധാന്യത്തിൽ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലർ ധാന്യം നൽകുമോയെന്നും രാഹുൽ ചോദിക്കുന്നു.
ഇതിന് പുറമെ, സോയ കർഷകരുടെ അവസ്ഥ എന്തായിരിക്കും?, സർക്കാർ ആവർത്തിച്ച് പരാമർശിക്കുന്ന ‘അധിക ഉൽപന്നങ്ങൾ’ എന്നതിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്? ഇറക്കുമതിക്ക് തുറന്നുകൊടുക്കുമോ ?, വാണിജ്യേതര തടസ്സങ്ങൾ’ നീക്കം ചെയ്യുക എന്നതിൻ്റെ അർത്ഥമെന്താണ്? എന്നിങ്ങനെ അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ മറുപടി നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.എക്സിലൂടെയാണ് രാഹുൽ തൻ്റെ ചോദ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യ- യുഎസ് വ്യാപാര കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഈ മാസം ഏഴിന് പുറത്തിറക്കി. എന്നാൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയം ലോക്സഭയിലും രാജ്യസഭയിലും അടക്കം വൻ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമാവുകയുമുണ്ടായി.






