CrimeNEWS

മകളുടെ ഫോണിലേക്ക് വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍; എടുക്കാത്ത വായ്പയ്ക്കും ഭീഷണി

പാലക്കാട്: എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു വീട്ടമ്മയ്ക്ക് അശ്ലീലചിത്രങ്ങള്‍ അയച്ച് ഓണ്‍ലൈന്‍ വായ്പ മാഫിയയുടെ ഭീഷണി. മകളുടെ ഫോണിലേക്ക് ഉള്‍പ്പെടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ അയച്ചു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വായ്പയെക്കുറിച്ച് അന്വേഷിച്ചെങ്കിലും വായ്പ എടുത്തിട്ടില്ലെന്നു വീട്ടമ്മ പറയുന്നു.

ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് അന്ന് ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടതിനാല്‍ മകളുടെ നമ്പറും നല്‍കിയിരുന്നു. പിന്നീട് 13,800 രൂപ വായ്പ തിരിച്ചടയ്ക്കണമെന്ന ഫോണ്‍ വിളികള്‍ വന്നു തുടങ്ങി. ഓഗസ്റ്റ് 27നു മകളുടെ നമ്പറിലേക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചുതുടങ്ങി. പാലക്കാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ശല്യം നിലച്ചു.

Signature-ad

അതേസമയം, ലോണ്‍ ആപ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകളുടെ അന്വേഷണത്തിനു കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊല്ലത്ത് ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിച്ച് ഒരു കോടി രൂപയുടെ തട്ടിപ്പിനിരയായ കേസിലാകും ആദ്യം സഹായം തേടുക. 10 ചൈനീസ് ബാങ്കുകളിലേക്കാണു പണം പോയതെന്നു കേരള സൈബര്‍ ഓപ്പറേഷന്‍സ് കണ്ടെത്തിയിരുന്നു. തട്ടിപ്പുനടത്തിയ 10 ചൈനീസ് പൗരന്‍മാരെയും തിരിച്ചറിഞ്ഞു.

ലോണ്‍ ആപ്പുകള്‍ വഴിയും ചൈനയിലേക്കു വന്‍തോതില്‍ പണം പോകുന്നതായാണു കണ്ടെത്തല്‍. പ്ലേസ്റ്റോറില്‍ ആപ് എത്തിച്ചശേഷം ഫോണ്‍ വിളികള്‍ക്കായി ഇന്ത്യയില്‍ കുറച്ച്‌പേരെ റിക്രൂട്ട് ചെയ്യും. ഇവിടെ ഒരു ബാങ്ക് അക്കൗണ്ടും സംഘടിപ്പിക്കും. ഈ അക്കൗണ്ടിലേക്ക് പണമെത്തുന്നയുടന്‍ ക്രിപ്‌റ്റോ കറന്‍സിയാക്കി ചൈനയിലേക്കു മാറ്റും. കൊച്ചിയില്‍ ലോണ്‍ ആപ് തട്ടിപ്പിനിരയായവരുടെ ഫോണിലേക്കു വന്ന ഹിന്ദി സംഭാഷണം ചൈനീസ് പൗരന്റേതാണെന്നു കണ്ടെത്തി. ഫോണിലെ കോണ്‍ടാക്ട് നമ്പറുകളുടെയും ഫെയ്‌സ്ബുക് ഫ്രണ്ട്‌സിന്റെയും എണ്ണം നോക്കിയാണ് ആപ്പുകള്‍ വായ്പത്തുക നിശ്ചയിക്കുന്നത്.

 

 

 

 

Back to top button
error: